നെയ്യാറ്റിൻകര : മാസങ്ങളായി തുടരുന്ന മഴയും കരിങ്കല്ലിന്റേയും മണലിന്റേയും ക്ഷാമവുമൊക്കെ ചേർന്ന് നിർമ്മാണ മേഖല സ്തംഭിച്ചു. ഇതു കാരണം താലൂക്കിലെ അസംഘടിത മേഖലയിലെ ദിവസക്കൂലി തൊഴിലാളികളുടെ കുടംബം പട്ടിണിയിലായി . റബർതൊഴിലാളികൾക്ക് ക്ഷേമനിധിയും ആശ്വാസ ധനസഹായവുമൊക്കെ ലഭിക്കുമെങ്കിലും ദിവസക്കൂലി തൊഴിലാളികൾക്ക് യാതൊരു വിധ തൊഴിൽ സംരക്ഷണമോ പരിരക്ഷയോയില്ല.

സർക്കാർ ഭവന നിർമ്മാണം മുതൽ വൻകിട പദ്ധതികൾ വരെ മുടങ്ങിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ ബേസ്മെന്റ്,കോൺക്രീ​റ്റ് ജോലികൾ, ഭിത്തി, തറ എന്നിവ നിർമ്മിക്കാൻ ആവശ്യമായ മണലും ഗ്രാവലും മറ്റ് അസംസ്കൃത സാധനങ്ങളും കിട്ടാനില്ല.
അധികൃതരുടെ പരിശോധന കർശനമാക്കിയതോടെയാണ് കരിങ്കലിന് ക്ഷാമം തുടങ്ങിയതെന്ന് ക്വാറി ഉടമകൾ പറയുന്നു. എന്നാൽ പൊലീസ് പരിശോധനയും മ​റ്റും പറഞ്ഞ് ക്വാറി ഉടമകളും വാഹന ഉടമകളും കൃത്രിമ ക്ഷാമമുണ്ടാക്കി വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട് അതേസമയം ക്വാറികൾക്ക് ജിയോളജി വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിലും കല്ല് കൊണ്ടുപോകാൻ പ്രത്യേക അനുമതി വേണം. ഇതിലെങ്കിൽ പൊലീസിന്റെ പിടിവീഴും. അനുമതിയില്ലാതെ കൊണ്ടുപോകുന്ന വാഹനം പിടിക്കപ്പെട്ടാൽ ആയിരങ്ങളാണ് പിഴ ഈടാക്കുന്നത്.

കരിങ്കല്ലുകൾ കൊണ്ടു പോകാൻ പ്രത്യേക പാസ് നിലവിലുണ്ടെങ്കിലും പൊലീസ് പിടികൂടിയാൽ പിഴ ഉറപ്പാണ്.ഇതു കാരണം രാത്രിയിലും പുലർച്ചെയുമാണ് കരിങ്കല്ലുകൾ വർക്ക് ഏരിയായിൽ എത്തിക്കുന്നത്.ഇതു കാരണം ഇപ്പോൾ പൊലീസ് പരിശോധന പുലർച്ചെയും രാത്രിയിലുമാക്കിയത് പിന്നേയും വിനയായത്രേ.

മണലിന്റെ കാര്യവും ഇതു തന്നെ

നെയ്യാറിലും സമീപ പ്രദേശത്തെ ചെറു പുഴകളിലും മണൽ കോരൽ പൂർണമായും നിരോധിച്ചതോടെ മണലിന് സ്വർണത്തേക്കാൾ കൂടിയ വിലയാണിപ്പോൾ. അതും കടത്തു മണലാണ് ലഭിക്കുന്നത്.ഒരു ടോറസ് ലോറി മണലിന് മുപ്പത്തി അയ്യായിരം രൂപയാണ് വില . മണലിനു പകരം ഉപയോഗിച്ചു വന്നിരുന്ന എം സാന്റും ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്. ഇതാണ് നിർമ്മാണ മേഖലയിൽ പ്രതിസന്ധി വർദ്ധിക്കാൻ കാരണമായിരിക്കുന്നത്. മണൽ ലഭിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

മണൽ എപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു മറുപടി പോലും ലഭിക്കുന്നില്ല. മണൽവാരൽ നിരോധനം കാരണം നിർമ്മാണ മേഖലയിൽ മാത്രമല്ല മണൽവാരൽ തൊഴിലാളികൾക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി.
മണൽ നിരോധനം നിലവിൽ വന്നതു മുതൽ എംസാന്റ് ഉൾപ്പെടെയുളള ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർത്തിയതും ജനങ്ങൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പല ക്രഷർ, ക്വാറി ഉടമകളും എംസാന്റിനും കരിങ്കൽപ്പൊടിക്കും മ​റ്റും തോന്നിയപടിയാണ് വില ഈടാക്കുന്നത്. ഏകീകൃത വില കൊണ്ടുവരണമെന്ന ആവശ്യം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.
മണൽ ക്ഷാമത്തിന് പരിഹാരം കാണാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജില്ലയിലെ നിർമ്മാണ മേഖലയിലെ തൊഴിലാളികളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടലാവും ഫലം.

മണൽ ലഭ്യമാണ്

മഴക്കാലം കഴിഞ്ഞതോടെ നെയ്യാറിലും മറ്റും ആവശ്യത്തിന് മണൽ ഇപ്പോഴുണ്ട്. മണൽ നിയന്ത്രിതമായി കോരിമാറ്റിയാൽ മാത്രമേ നദികളിലെ നീരൊഴുക്ക് വർദ്ധിക്കുന്നുവെന്നിരിക്കെ അധികൃതർ അതിനും മിനക്കെടുന്നില്ല.

പഴയതു പോലെ കടവു കമ്മിറ്റികൾ രൂപീകരിച്ച് തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ നി‌ദ്ദിഷ്ട കടവുകളിൽ നിന്നും നിയന്ത്രണങ്ങൾക്ക് വിധേയമായി മണൽ വാരുവാൻ അനുമതി നൽകണം.

രാജ് കുമാർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ്