തിരുവനന്തപുരം: ഇംഗ്ലീഷ് ദിനപത്രത്തിൽ മാവോയിസ്റ്റ് വിരുദ്ധ ലേഖനമെഴുതാൻ ചീഫ് സെക്രട്ടറി ടോംജോസ് സർക്കാരിന്റെ മുൻകൂർ അനുമതി എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റ് ഭീകരതയ്ക്കെതിരായ ലേഖനം താൻ വായിച്ചു. അതിലെ പരാമർശങ്ങൾ വ്യക്തിപരമാണ്.
മഞ്ചക്കണ്ടി സംഭവത്തിൽ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ലേഖനത്തിലെ പരാമർശങ്ങൾ ഒരുതരത്തിലും അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, ചീഫ് സെക്രട്ടറിയുടെ മുൻവിധിയോടെയുള്ള പരാമർശങ്ങൾ അനുചിതമാണെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കുമെതിരെ ചീഫ് സെക്രട്ടറി നിലപാടെടുത്തത് ശരിയല്ല. ഇത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.