തിരുവനന്തപുരം: ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിയന്ത്രണം നീക്കുന്നത് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പി.ജെ. ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്‌ത് ജനങ്ങളുടെ പ്രശ്നങ്ങളിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. മൂന്നാറിലെ എട്ട് വില്ലേജുകളിൽ നിലവിലുള്ള നിയന്ത്രണം തുടരും.
ഇടുക്കിയിലെ ജനങ്ങൾക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നതിനുള്ള ചർച്ചയ്‌ക്കു സർക്കാർ തയ്യാറാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനും അറിയിച്ചു. ഇടുക്കിയിലെ സാധാരണക്കാരെ സഹായിക്കുന്ന നിലപാടാണ് ഭൂപതിവു ചട്ട ഭേദഗതിയിലൂടെ നടപ്പാക്കിയത്. മുഖ്യമന്ത്രിയടക്കമുള്ളവരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് ഭേദഗതി നടപ്പാക്കിയത്. 1500 ചതുരശ്രഅടിക്ക് മുകളിലുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടം സർക്കാർ ഏറ്റെടുത്ത് പാട്ടത്തിനു നൽകും. കെട്ടിടം ഉടമയുടെ ഏക ജീവനോപാധിയാണെന്ന് തെളിയിച്ചാൽ ഏറ്റെടുക്കില്ലെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
മറ്റു ജില്ലകളിലുള്ളവർക്കുള്ള കെട്ടിട നിർമ്മാണ അവകാശങ്ങൾ ഇടുക്കിയിലുള്ളവർക്കും വേണമെന്നു അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. ഇതിനായി ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകണം. ജനപ്രതിനിധികളുമായി ആലോചിക്കാതെയാണ് ആഗസ്റ്റ് 22ന് നിർമാണ നിയന്ത്രണ ഉത്തരവു പുറത്തിറക്കിയതെന്നു റോഷി അഗസ്റ്റിൻ ആരോപിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ബാങ്കുകൾ വായ്‌പ നൽകുന്നില്ലെന്ന് ഇ.എസ്. ബിജിമോൾ പറഞ്ഞു. നിർമ്മാണ നിയന്ത്രണം മറികടക്കാൻ ഇടുക്കിയിലെ ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നു എസ്. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 254 ക്വാറികൾക്കു പ്രവർത്തനാനുമതി നൽകിയ സർക്കാർ ഹൈറേഞ്ചിൽ വീട് നിർമ്മിക്കാൻ അനുമതി നൽകാത്തതു പ്രതിഷേധാർഹമാണെന്നും ജനങ്ങൾക്ക് സൗകര്യപ്രദമായി ഭൂപതിവു ചട്ടം ഭേദഗതി ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.