തിരുവനന്തപുരം: വ്യക്തിപരമായ ആക്ഷേപങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോഴും താൻ സർക്കാരിനേയും പാർട്ടിയേയും സംരക്ഷിക്കാണ് ശ്രമിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. ക്ഷേത്രങ്ങൾക്ക് വേണ്ടി ഇതുപോലെ സഹായം ചെയ്‌ത മറ്റൊരു സർക്കാർ വേറെയില്ല. 14ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന എ. പദ്മകുമാർ കേരളകൗമുദി ഫ്ളാഷിനോട് സംസാരിക്കുന്നു:
അങ്ങനെ പറഞ്ഞു പരത്തി
സംഘപരിവാർ ശക്തികൾ എനിക്കെതിരെ നടത്തിയ പ്രചാരണങ്ങളോടൊന്നും ഭീതിയില്ല. ശബരിമലയിൽ സ്‌ത്രീയും പുരുഷനും തമ്മിലുള്ള തുല്യതയുടെ വിഷയമല്ല. അവിടത്തെ സാഹചര്യങ്ങളാണ് യുവതീ പ്രവേശനത്തിന് തടസം. സ്ത്രീകൾ മല കയറുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. പക്ഷേ, ഞാൻ നവോത്ഥാന വിരുദ്ധനാണെന്ന് ചില കേന്ദ്രങ്ങൾ പറഞ്ഞുപരത്തി. 47 വർഷമായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഞാൻ. എന്റെ പാർട്ടിക്കോ എന്നെ ഈ ചുമതല ഏൽപ്പിച്ചവർക്കോ പേരുദോഷം ഉണ്ടാക്കുന്ന ഒരു നയവും ഞാൻ സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിനെതിരെ എന്തുമാത്രം കള്ളക്കഥകളാണ് കോൺഗ്രസും ബി.ജെ.പിയും പ്രചരിപ്പിച്ചത്. എന്റെ മനസിൽ ഉണ്ടായിരുന്ന ഒരേ ഒരു കാര്യം അദ്ദേഹത്തിനോ സർക്കാരിനോ പാർട്ടിക്കോ പേരുദോഷം ഉണ്ടാകരുത് എന്ന് മാത്രമായിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിനെതിരെ വരാനുള്ളതെല്ലാം എനിക്കെതിരെ വന്നു.
സർക്കാരും മുന്നണിയും സഹായിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ഇതുപോലെ സഹായം നൽകിയ വേറൊരു സർക്കാരില്ല. ചെറിയ കാര്യങ്ങൾക്കുവരെ മുഖ്യമന്ത്രി വലിയ സഹായം നൽകി. കാണിക്ക നിഷേധം നടത്തണമെന്ന ബി.ജെ.പിയുടെ ആഹ്വാനത്തിൽ കേരളത്തിലെ 1252 അമ്പലങ്ങൾ തകരുമായിരുന്നു. അവിടത്തെ ആറായിരം ജീവനക്കാരുടേയും അത്രത്തോളം പെൻഷൻകാരുടേയും ജീവിതം വഴിമുട്ടുമായിരുന്നു. ഇക്കാര്യത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രിയും നൽകിയ സഹായം ചെറുതല്ല. ശബരിമലയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇതുവരെ 1,253 കോടി രൂപയാണ് ഈ സർക്കാർ അനുവദിച്ചത്. ദീർഘ വീക്ഷണത്തോടെയാണ് മുഖ്യമന്ത്രി ശബരിമലയിൽ ഓരോ കാര്യങ്ങളും ചെയ്യുന്നത്. പക്ഷേ, ആരും അദ്ദേഹത്തെ മനസിലാക്കുന്നില്ല. പാർട്ടി നൽകിയ പിന്തുണ ഇല്ലായിരുന്നെങ്കിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തെറ്റ് മനസിലാക്കി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത് കൊണ്ടാണ് എൽ.ഡി.എഫിന് അഭിമാനാർഹമായ വിജയം നേടാനായത്. ശബരിമലയിൽ കോടതി വിധി നടപ്പാക്കുമെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോൾ എവിടെയാണ് ? ക്ഷേത്രങ്ങൾക്ക് ഒട്ടനവധി സഹായം നൽകാനുളള ഫണ്ട് കേന്ദ്രത്തിനുണ്ട്. എന്നിട്ട് എന്തെങ്കിലും സഹായം കേന്ദ്രം ചെയ്‌തോ ? ശത്രുതാപരമായ നിലപാടാണ് അവർ നിരന്തരം സ്വീകരിച്ചത്. അത് ജനങ്ങൾ തിരിച്ചറിയണം.
വെല്ലുവിളി നിറഞ്ഞ കാലഘട്ടം
കഴിഞ്ഞ രണ്ടുവർഷം വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. പ്രളയത്തേയും യുവതീ പ്രവേശന വിവാദങ്ങളെയും സംയമനത്തോടെയാണ് നേരിട്ടത്. ദേവസ്വം ബോർഡിന്റെ വസ്തു വകകൾ സംരക്ഷിക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. ശബരിമലയ്ക്ക് 63 ഏക്കർ 23 സെന്റ് ഉണ്ടെന്നാണ് പരമ്പരാഗത കണക്ക്. എന്നാൽ, അമ്പത് ഏക്കറേ ഉള്ളൂവെന്നാണ് വനം വകുപ്പ് പറഞ്ഞത്. പക്ഷേ, ബോർഡിന്റെ ശക്തമായ ഇടപെടലിലൂടെ ശബരിമലയുടെ സ്വത്ത് 94 ഏക്കറായി മാറ്റി. ഇതുപോലെ വിവിധ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെപിടിച്ചു. ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട് ഒരു വ്യവസ്ഥ തന്നെയുണ്ടാക്കി. ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ച സ്വർണവും വെള്ളിയും അടക്കമുള്ള ആഭരണങ്ങൾക്ക് കണക്കുണ്ടായിരുന്നില്ല.18 വർഷമായി ഇത് തിട്ടപ്പെടുത്തുന്നതിനുളള ചാർജ് കൈമാറ്റം പോലും നടന്നിട്ടില്ല. പക്ഷേ, ഞങ്ങൾ എണ്ണി തിട്ടപ്പെടുത്തി കൃത്യമായ കണക്ക് ഹൈക്കോടതിക്ക് നൽകി. ക്ഷേത്ര ജീവനക്കാരും വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ശരിയായ നിലപാടുകൾ ബോർഡിന് സ്വീകരിക്കാൻ കഴിഞ്ഞു. ആചാരപരമായ കൃത്യതയോടെയാണ് ഞങ്ങൾ എല്ലാം നടത്തിയത്.
പ്രയാർ മോശമായി പ്രതികരിച്ചു
അമ്പലപ്പുഴ പാൽപായസം അനധികൃതമായി ഉണ്ടാക്കി ബേക്കറി മുതലാളിമാരും കാറ്ററിംഗുകാരും ലക്ഷങ്ങളാണ് കൊയ്യുന്നത്. അതുപോലെ ശബരിമലയിലെ അപ്പം, അരവണ, കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, പമ്പയിലെ മോദകം ഇവയ്‌ക്കെല്ലാം വ്യാജനുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഇതിന്റെയെല്ലാം പേറ്റന്റ് എടുക്കാൻ തീരുമാനിച്ചത്. ശബരിമലയിലെ അപ്പവും അരവണയുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ സി.എഫ്.ടി.ആർ.എയുമായി ഞങ്ങൾ പ്രാഥമിക ചർച്ചകൾ പൂർത്തീകരിച്ചു. അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ട പല രേഖകളും പരിശോധിച്ചപ്പോഴാണ് 'ഗോപാല കഷായം' എന്നൊരു പേര് അമ്പലപ്പുഴ പാൽ പായസത്തിന് ഉണ്ടെന്ന് മനസിലായത്. അതുകൊണ്ട് ആ പേര് ബ്രാക്കറ്റിൽ നൽകാനും തീരുമാനിച്ചു. എന്നാൽ, പ്രയാർ ഗോപാലകൃഷ്ണൻ വളരെ മോശമായാണ് അതിനെതിരെ പ്രതികരിച്ചത്. ഇതിനുമുമ്പ് പലതവണ അദ്ദേഹം പ്രകോപനം ഉണ്ടാക്കിയിട്ടും ഞാൻ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഉണ്ണിക്കണ്ണന്റെ പേര് മാറ്റുമോയെന്നാണ് അദ്ദേഹം ചോദിച്ചത്. ഇത് ചോദിച്ചയാളാണ് ശബരിമല ധർമ്മ ശാസ്‌താ ക്ഷേത്രം എന്ന പേരുമാറ്റി അയ്യപ്പ ക്ഷേത്രം എന്നാക്കിയത്.
പുതിയ ബോർഡ് ശ്രദ്ധിക്കേണ്ടത്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിച്ച് കൊണ്ടുളള പ്രവർത്തനങ്ങളായിരിക്കണം അടുത്ത ബോർഡ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. ആചാരാനുഷ്‌ഠാനങ്ങൾ നിലനിറുത്താൻ ശ്രമിക്കണം. ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളെല്ലാം പരമ്പരാഗത ക്ഷേത്രങ്ങളാണ്,ന്യൂജെനല്ല. അതുകൊണ്ടുതന്നെ ആചാരങ്ങൾ നിലനിറുത്തി കാലാനുസൃതമായ മാറ്റം ഉണ്ടാക്കാനുള്ള ശക്തമായ ഇടപെടൽ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
സജീവ രാഷ്‌ട്രീയത്തിലേക്ക്
വേറെ പണിയൊന്നും പഠിച്ചിട്ടില്ല. അറുപത് വയസായി. തുടങ്ങിയ കാലത്തെ പണിതന്നെ തുടർന്നു കൊണ്ടുപോകാനാണ് ഇഷ്‌ടം. അതുകൊണ്ട് നവംബർ പതിനാലിന് ശേഷം സജീവ രാഷ്‌ട്രീയത്തിലുണ്ടാകും.