kerala-assembly-
KERALA ASSEMBLY

തിരുവനന്തപുരം : തൊഴിൽരഹിത വേതനം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നൽകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഇതിനായി ഗുണഭോക്താക്കളുടെ പാസ്ബുക്കിന്റെയും ആധാർ കാർഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബർ 31 വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹാജരാക്കാം. പുതിയ അപേക്ഷകരുടെ പാസ്ബുക്കിന്റെയും ആധാർകാർഡിന്റെയും പകർപ്പുകളും നമ്പരുകളും ശേഖരിക്കുന്നതിനും നിർദ്ദേശം നൽകി. ഇക്കാര്യം ഗുണഭോക്താക്കളെ അറിയിക്കാൻ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്നും പി. അബ്ദുൽഹമീദ്, മഞ്ഞളാംകുഴി അലി, കെ.എൻ.എ. ഖാദർ എന്നിവരെ മന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളി അനുബന്ധ മേഖലകളെ ഇ.എസ്‌.ഐയുടെ പരിധിയിലുൾപ്പെടുത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഇവർ സ്വകാര്യ മുതലാളിമാർക്ക് കീഴിൽ ജോലി ചെയ്യുന്നുവെന്നതാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് തടസം. കണ്ണൂർ തോട്ടട ഇ.എസ്‌.ഐ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റിയായി ഉയർത്തും. ഇ.എസ്‌.ഐയിലെ തൊഴിലുടമ, തൊഴിലാളി വിഹിതം വെട്ടിക്കുറച്ചതിലൂടെ കേരളത്തിന് 308.09 കോടിയുടെ കുറവുണ്ടായി. വിഹിതം കുറച്ചതിലെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും സി. കൃഷ്ണൻ, കെ. ദാസൻ, എ. പ്രദീപ് കുമാർ, എസ്. ശർമ, എം. വിൻസെന്റ്, വി.കെ.സി. മമ്മദ്കോയ, ജോൺ ഫെർണാണ്ടസ് എന്നിവരെ മന്ത്രി അറിയിച്ചു.

വനസംരക്ഷണത്തിനുള്ള കേന്ദ്രത്തിന്റെ കാമ്പാ ഫണ്ടിനത്തിൽ കേരളത്തിന് 80 കോടി രൂപ മാത്രമാണ് കിട്ടിയതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഗുജറാത്തിന് 4000 കോടി വരെ ലഭിച്ചു. അതത് സംസ്ഥാനങ്ങളിലെ തുക അവിടെ തന്നെ വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ വിഹിതം ചുരുങ്ങിപ്പോയത്. മിൽമയിലൂടെ ദിവസവും 1.5 ലക്ഷം ലിറ്റർപാൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനം 87 ലക്ഷം ലിറ്ററാണ് വേണ്ടത്. ഇതിൽ 80 ശതമാനത്തിന് മുകളിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും കെ.ജെ. മാക്‌സിയെ മന്ത്രി അറിയിച്ചു.