nabidinam

ചിറയിൻകീഴ്: മതങ്ങളെല്ലാം ഒന്നാണെന്നും മാനവ സാഹോദര്യവും സ്നേഹവുമാണ് എല്ലാ മതങ്ങളുടെയും അന്തഃസത്തയെന്നും വിളിച്ചോതുന്ന തരത്തിലായിരുന്നു നബിദിനാഘോഷയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ നൽകിയ സ്വീകരണം. പെരുങ്ങുഴി ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിനഘോഷയാത്രയ്ക്കാണ് എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിലർ സി.കൃത്തിദാസിന്റെ നേതൃത്വത്തിൽ പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിൽ സ്വീകരണം നൽകിയത്. ജമാഅത്ത് പ്രസിഡന്റ് എ. ഹാരിദ്, വൈസ് പ്രസിഡന്റ് അബ്ദുൾ റഹീം, സെക്രട്ടറി എം.കെ. ബഷീർ, ജോയിന്റ് സെക്രട്ടറിമാരായ അഷ്റഫ് തണ്ണീർക്കോണം, അബ്ദുൾ അസീസ്, ട്രഷറർ അബ്ദുൾ ഹമീദ്, ജമാഅത്ത് ഇമാം മുഹമ്മദ് റാഫി ബാഫക്കി, ഉസ്താദ് മുഹമ്മദ് ഫൈസൽ എന്നിവരെ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ ട്രസ്റ്റ് ബോർഡംഗം കെ. രഘുനാഥൻ, പെരുങ്ങുഴി ഇടഞ്ഞുംമൂല എസ്.എൻ.ഡി.പി ശാഖായോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സദാശിവൻ, സന്തോഷ്, അജിത് കുമാർ എന്നിവർ ഹരിത-പീത വർണ തൂവാലകൾ അണിയിച്ച് സ്വീകരിച്ചു. നബിദിനത്തിൽ പങ്കെടുത്ത നൂറുകണക്കിന് വിശ്വാസികൾക്ക് യോഗം പ്രവർത്തകർ ഫലവർഗങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഘോഷയാത്ര പെരുങ്ങുഴി മൂന്ന് മുക്ക്, കൃഷ്ണപുരം, മേട ജംഗ്ഷൻ വഴി പെരുങ്ങുഴി മുസ്ലീം ജമാഅത്ത് അങ്കണത്തിൽ സമാപിച്ചു.