മലയിൻകീഴ്:പൊതുമരാമത്ത് വകുപ്പിന്റെ തൂങ്ങാംപാറ കിള്ളി റോഡ് തകർന്നടിഞ്ഞ് യാത്രചെയ്യാനാകാത്ത വിധമായിട്ട് കാലങ്ങളായി. കാട്ടാക്കടയ്ക്ക് തൊട്ടരികിലുള്ള ഈ റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും വെള്ളക്കെട്ടായി തീർന്നിരിക്കുകയാണ്.ബസ് സർവ്വീസുള്ള ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ജീവൻ പണയപ്പെടുത്തിയാണ്. മാറനല്ലൂർ,കാട്ടാക്കട പഞ്ചായത്തുകളിലുൾപ്പെട്ട റോഡിൽ കെ.എസ്.ഇ.ബി.സബ് സ്റ്റേഷൻ,സ്വകാര്യ ഡയറി എന്നിവയും നിരവധി കുടുംബങ്ങളും തിങ്ങിപാർക്കുന്നുണ്ട്.കിള്ളിയ്ക്ക് സമീപത്ത് നിന്ന് ഈ റോഡ് ആരംഭിക്കുന്നിടം മുതൽ തൂങ്ങാംപാറ പ്രധാന റോഡ് വരെ തകർന്ന് വൻകുഴികൾ രൂപപ്പെട്ട് കിടക്കുകയാണ്.പോങ്ങും മൂട്,മാറനല്ലൂർ,ഊരൂട്ടമ്പലം,ബാലരാമപുരം,നെയ്യാറ്റിൻകര എന്നീ സ്ഥലങ്ങലങ്ങളിലെത്തുന്നതിന് കിള്ളി,കൂന്താണി,കട്ടയ്ക്കോട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ഇതുവഴിയാണ് പോകാറുള്ളത്.
കാട്ടാക്കട ഡിപ്പോയിൽ നിന്ന് നെല്ലിക്കാട് അന്തിയൂർക്കോണം മലയിൻകീഴ് സർക്കുലർ ബസ് സർവീസ് നിലവിലുണ്ട്.റോഡിന്റെ തകർച്ച കാരണം പലപ്പോഴും കെ.എസ്.ആർ.ടി.സി. സർവീസ് നടത്താറില്ല.വൻകുഴികളിൽ വെള്ളം കെട്ടികിടക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.കഴിഞ്ഞ ദിവസം ഇതുവഴി നടന്നുപോവുകയായിരുന്ന യുവാവ് അബദ്ധത്തിൽ റോഡിലെ കുഴിയിലകപ്പെട്ട് കാലിൽ പൊട്ടലുണ്ടായി.ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമായിട്ടുണ്ട്.ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള ഈ റോഡ് നവീകരിക്കാത്തതിനാൽ പ്രദേശവാസികൾ നന്നേ ബുദ്ധിമുട്ടുന്നുണ്ട്.
.ഐ.ബി.സതീഷ്.എം.എൽ.എ.സത്യപ്രതിജ്ഞ ചെയ്ത ശേഷം ഈ സ്ഥലത്ത് നൽകിയ സ്വീകരണ യോഗത്തിൽ നൽകിയ വാഗ്ദാനം അടിയന്തരമായി റോഡ് നവീകരിക്കുകയാണ് തന്റെ ആദ്യ ദൗത്യമെന്നാണ്. എന്നാൽ വാഗ്ദാനം മൂന്ന് വർഷമായി ഇപ്പോഴും നിറവേറ്റിയിട്ടില്ല.
റോഡിന്റെ അറ്റകുറ്റപണികൾ ചെയ്തിട്ട് 6 വർഷമാകുന്നു
നെയ്യാറ്റിൻകര,പുന്നാവൂർ,മാറനല്ലൂർ പോങ്ങുംമൂട് ചീനിവിള, ബാലരാമപുരം എന്നീ സ്ഥലങ്ങളിൽ നിന്ന് തൂങ്ങാംപാറ വഴി ഈ റോഡിലൂടെ കിള്ളിയിലുള്ള ആയുർവേദ ആശുപത്രിയിലെത്തുന്നതും വളരെ ബുദ്ധിമുട്ടിയാണ്. മെറ്റൽ ഇളകി മാറി വൻ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തിന് കാരണ മാകാറുണ്ട്.ഇരുചക്ര വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്നുണ്ടെങ്കിലും അപകടത്തിൽ പെടുന്നതിന്റെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ത്രിതല പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.കിള്ളി-തൂങ്ങാംപാറ ഭാഗത്തേക്ക് പോകുന്നവർ അപകടത്തിലാകാതെ ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ ഭാഗ്യമെന്നാണ് നാട്ടുകാർ പറയുന്നത്.
രാത്രി കാലങ്ങളിൽ ഈ റോഡിലൂടെ കാൽനട യാത്ര പോലും ദുസ്സഹമായിട്ടുണ്ട്.സ്ക്കൂൾ-കോളേജ് വിദ്യാർത്ഥികളും കൂലിപ്പണിക്കാരും സർക്കാർ ജീവനക്കാരും റോഡിന്റെ ശോചനീയാവസ്ഥയിൽ ഏറെ ദുരിതം അനുഭവിക്കുകയാണ്. മഴക്കാലമായതിനാൽ റോഡാകെ ചെളിക്കുണ്ടായി കിടക്കുകയാണ്.
മഴക്കാലത്ത് വെള്ളക്കട്ടിൽ വീണ് അകട പരമ്പര തന്നെ ഈ റോഡിൽ ഉണ്ടാകാറുണ്ട്.
തൂങ്ങാംപാറ-കൂന്താണി കിള്ളി റോഡ് അടിയന്തിരമായി നവീകരിച്ച് ദുരിതയാത്രയ്ക്ക് അറുതി വരുത്തണം.പൊതുമരാമത്ത് വകുപ്പ് അധികൃതർ തകർന്ന് തരിപ്പണ മായി കിടക്കുന്ന ഈ റോഡ് സന്ദർശിക്കണം.
---എൻ.എം.നായർ,പ്രസിഡന്റ് ജില്ലാപ്രസിഡന്റ് ലോക് താന്ത്രിക് ജനതാദൾ
.