അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള വലിയൊരു കാൽവയ്പിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡുകളുടെ വില്പന പാടെ നിരോധിക്കാൻ ഉതകുന്ന നിയമ നിർമ്മാണത്തിനാണ് കേന്ദ്രനീക്കം. ഇതിന്റെ പ്രായോഗികതയിൽ സന്ദേഹമുണ്ടാകാം. എന്നാൽ ഈ നീക്കം വിജയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആർക്കും സംശയമുണ്ടാകാനിടയില്ല. മുക്കിലും മൂലയിലും വരെ കടന്നെത്തിക്കഴിഞ്ഞ പലതരത്തിലും രുചിയിലുമുള്ള ജങ്ക് ഫുഡുകൾ കുട്ടികളുടെ ഇഷ്ടഭോജ്യമായി മാറിക്കഴിഞ്ഞു. വേഗമാർന്ന ജീവിതശൈലിയുടെ ഭാഗമായി എത്തിയ ഈ ആഹാരസാധനങ്ങൾ സൃഷ്ടിക്കുന്ന അപകടം അറിഞ്ഞുകൊണ്ടു തന്നെയാണ് ഒട്ടുമിക്കവരും അതു വാങ്ങി കഴിക്കുന്നത്. ഒരിക്കൽ രുചി പിടിച്ചുപോയാൽ പിന്നീട് ഒഴിവാക്കാനാവില്ലെന്നതാണ് അവയുടെ പ്രത്യേകത. ഉപ്പും പഞ്ചസാരയും കൊഴുപ്പും കണക്കിലേറെ ചേർത്തു തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം അമിതമായാൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും അതു കാരണമാകാം. ഡോക്ടർമാരടക്കം ഈ രംഗത്തു പ്രവൃത്തിയെടുക്കുന്നവരെല്ലാം തന്നെ ജങ്ക് ഫുഡുകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന പ്രതികൂലാവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാറുണ്ട്. എന്നാൽ മുന്നറിയിപ്പുകൾക്കോ നിയന്ത്രണ നടപടികൾക്കോ ഒരു ഫലവും ഉണ്ടാക്കാൻ കഴിയുന്നില്ല. വമ്പൻ പരസ്യങ്ങളുടെ അകമ്പടിയോടെ വിപണിയിൽ എത്തുന്ന ജങ്ക് ഫുഡുകൾ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഇഷ്ടഭക്ഷണമാണിപ്പോൾ.
കേന്ദ്ര സർക്കാരിനു കീഴിലുള്ള ഭക്ഷ്യസുരക്ഷാ അതോറിട്ടിയാണ് ജങ്ക് ഫുഡിനെതിരെ പോരാടാൻ രംഗത്തുവന്നിരിക്കുന്നത്. ഇതിനായി പ്രത്യേക നിയമം തന്നെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള കരട് ബിൽ തയ്യാറായിക്കഴിഞ്ഞു. ജനാഭിപ്രായം അറിയാൻ ബിൽ പൊതുമണ്ഡലങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് അഭിപ്രായവും നിർദ്ദേശവും സമർപ്പിക്കാൻ മുപ്പതു ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. സ്കൂളുകളിലും ചുറ്റുവട്ടത്തും മാത്രമേ ജങ്ക് ഫുഡുകൾക്ക് നിരോധനമുണ്ടാകൂ. 50 മീറ്റർ അകലെ അവ യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യമുള്ളതിനാൽ നിയമം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമോ എന്നാണു സംശയം.
പോഷകമൂല്യങ്ങൾ നന്നേ കുറവായ ഭക്ഷ്യവസ്തുക്കളെയാണ് ജങ്ക് ഫുഡ് എന്നു പൊതുവേ പറയാറുള്ളത്. കുട്ടികളാണ് പ്രധാനമായും ഈ വക സാധനങ്ങളുടെ ഉപയോക്താക്കൾ എന്നതിനാലാണ് സ്കൂളുകളിലും പരിസരങ്ങളിലും അവ പാടെ നിരോധിക്കുന്നത്. സ്കൂൾ കാന്റീനുകളിൽ ഇത്തരം ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വിൽക്കുന്നത് പൂർണമായും നിരോധിക്കും. നിരോധനം ലംഘിക്കുന്നവരെ കർക്കശമായി നേരിടും. ജങ്ക് ഫുഡ് നിർമ്മാതാക്കളുടെ പരസ്യങ്ങൾ സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനികൾ സ്പോൺസർഷിപ്പുമായി എത്തിയാണ് പലപ്പോഴും സ്കൂളുകളെയും കുട്ടികളെയും കൈയിലെടുക്കുന്നത്. ആദ്യം സൗജന്യമായി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ രുചി പിടിച്ചാൽ പിന്നീട് വില നൽകി അവ സ്വന്തമാക്കിക്കൊള്ളുമെന്ന് കമ്പനികൾക്കറിയാം. സഹസ്ര കോടിക്കണക്കിന് രൂപയുടെ വൻ ബിസിനസാണ് ജങ്ക് ഫുഡ് മേഖല കൈയടക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ഏർപ്പെടുത്തുന്ന ഏതു നിയന്ത്രണത്തെയും മറികടക്കാനുള്ള കുറുക്കുവഴികൾ അവർ തേടാതിരിക്കില്ല.
രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കുമാണ് ഈ വിഷയത്തിൽ ഏറ്റവും നന്നായി ഇടപെടാനാകുന്നത്. മക്കൾ ജങ്ക് ഫുഡിന് പിന്നാലെ പോകുന്നില്ലെന്ന് രക്ഷാകർത്താക്കൾ ഉറപ്പുവരുത്തിയാൽ നിയമത്തിന്റെ ആവശ്യം തന്നെ വരില്ല. നിർഭാഗ്യവശാൽ കുട്ടികളുടെ നിർബന്ധത്തിനും വാശിക്കും വഴങ്ങേണ്ടിവരുന്ന അവർ സൗകര്യം കരുതിയും ജങ്ക് ഫുഡുകളുടെ ഏറ്റവും വലിയ ഉപയോക്താക്കളായി മാറാറുണ്ട്. ഫ്രഞ്ച് ഫ്രൈയും പൊട്ടറ്റോ ചിപ്സും ബർഗറും പലതരം ഉപ്പേരികളുമൊക്കെ വലിയവരുടെയും ബലഹീനതകളാണ്. തിരക്കു പിടിച്ച ജീവിതശൈലി ജങ്ക് ഫുഡ് സംസ്കാരത്തെ കണക്കറ്റു പ്രോത്സാഹിപ്പിക്കുന്നുണ്ട്. റെഡി - റ്റു -ഈറ്റ് ഉത്പന്നങ്ങൾ വൻതോതിൽ വിപണികളിൽ ലഭ്യമാണ്. സമയവും അദ്ധ്വാനവും ലാഭിക്കാൻ പല കുടുംബങ്ങളും ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള ഉത്പന്നങ്ങളെയാണ്. ആഹാര ശീലത്തിൽ വന്ന വലിയ മാറ്റങ്ങൾ ജങ്ക് ഫുഡ് കമ്പനികൾക്ക് വൻ ചാകരയാണ് സമ്മാനിക്കുന്നത്.
സ്കൂളുകളിൽ ജങ്ക് ഫുഡുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുമ്പോൾ സംസ്ഥാനസർക്കാർ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാനുള്ള നടപടി കർക്കശമാക്കുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇതും അത്യാവശ്യമായിത്തീർന്നിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം നേരത്തേ തന്നെ തടഞ്ഞുകൊണ്ട് ഉത്തരവുണ്ടെങ്കിലും ഗൗരവമായി നടപ്പാക്കാൻ ആരും മിനക്കെടാറില്ല. കുട്ടികൾ മാത്രമല്ല അദ്ധ്യാപകരും അദ്ധ്യയനത്തിനിടയിൽ പോലും യഥേഷ്ടം ഫോൺ ഉപയോഗിക്കാറുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളോട് അടങ്ങാത്ത കമ്പമുള്ള അദ്ധ്യാപകർ ഒരു മറയും കൂടാതെയാണ് ക്ലാസിൽ ഫോണുമായി ദീർഘനേരം സല്ലപിക്കാറുള്ളത്. രോഗാവസ്ഥയെന്നു പറയാവുന്ന നിലയിലേക്കാണ് മലയാളികളുടെ ഫോൺ ഉപയോഗം വളർന്നിരിക്കുന്നത്. അദ്ധ്യയന സമയത്തെങ്കിലും അത് ഓഫ് ചെയ്തു വയ്ക്കാൻ മടികാണിക്കുന്ന അദ്ധ്യാപകരുടെ സംഖ്യയും കൂടി വരുന്നതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കർക്കശമാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്. ജങ്ക് ഫുഡിന്റെ കാര്യത്തിലെന്ന പോലെ കേവലം ഉത്തരവു വഴിയോ നിരോധനം വഴിയോ വിജയിപ്പിക്കാൻ കഴിയുന്ന നിയന്ത്രണങ്ങളല്ല ഇതൊക്കെ. സ്വയം ബോദ്ധ്യപ്പെട്ട് അനുസരിക്കേണ്ട നല്ല കാര്യങ്ങളാണിതൊക്കെ. നിയമത്തിന്റെയും നിയന്ത്രണ ഉത്തരവിന്റെയും യഥാർത്ഥ സ്പിരിറ്റ് ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറായാൽ ഗുണം സമൂഹത്തിനു തന്നെയാണ്.