തിരുവനന്തപുരം : ജാതി തിരിച്ചറിയാവുന്ന രീതിയിൽ പേരിന്റെ പിറകിലുണ്ടായിരുന്ന വാല് മുറിച്ചുകളഞ്ഞ പലരും ഇപ്പോൾ തന്റെ മക്കൾക്കോ പേരക്കുട്ടികൾക്കോ വാല് ചേർത്ത് പേരിടുന്ന രീതിയിലേക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഗമന സ്വഭാവമുള്ള നാടാണ് നമ്മുടേതെന്നും യാതൊരു ജീർണതകളും ഇവിടെ ബാധിക്കില്ലെന്നുമുള്ള മിഥ്യാധാരണയാണ് നമുക്കുണ്ടായിരുന്നത്. ഇപ്പോൾ പ്രതിലോമ ശക്തികൾ മുന്നോട്ടുവന്നിരിക്കുകയാണ്.
അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റെയും ഇരുണ്ട കാലം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ മുന്നേറ്റം സൃഷ്ടിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾക്കാവും. ഭരണഘടന പിച്ചിച്ചീന്താനുള്ള നീക്കങ്ങൾക്കെതിരെയും മതനിരപേക്ഷതയ്ക്കെതിരെ നീങ്ങുന്നവർക്കെതിരെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കഴിയും. നവകേരള നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി ഗ്രന്ഥശാലകൾ മാറണമെന്നും നവകേരള നിർമ്മിതിയെ പറ്റി ആശയങ്ങൾ സ്വീകരിക്കാൻ സർക്കാർ വെബ്‌സൈറ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത അദ്ധ്യയന വർഷം ഒരുലക്ഷം ക്ലാസ് റൂം ലൈബറികൾ ആരംഭിക്കുമെന്നും വായന ഒരു സംസ്കാരമായി വളർത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ലൈബ്രറി കൗൺസിൽ സെകട്ടറി അഡ്വ. പി.അപ്പുക്കുട്ടൻ, പിരപ്പൻകോട് മുരളി എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ .കെ.വി കുഞ്ഞികൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ എ.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.