niyamasabhayil

കോൺഗ്രസ് വട്ടിയൂർക്കാവ്, കോന്നി ഉപതിരഞ്ഞെടുപ്പുകളിൽ തോറ്റതിന്റെ കാര്യവും കാരണവും ഒറ്റ വാക്യത്തിൽ വി.പി. സജീന്ദ്രൻ വിശദീകരിച്ചു. 'ഞങ്ങളുടെ പാർട്ടിയിൽ ഓരോരുത്തർക്കും ഓരോ അപ്പനുള്ളതിനാൽ അതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.' എല്ലാവർക്കും കൂടി ഒറ്റ അപ്പനായിരുന്നെങ്കിൽ ജയിച്ചേനെയെന്ന് വ്യംഗ്യം. ഇടതുപക്ഷത്ത് ഒറ്റ അപ്പനാണെന്ന പരോക്ഷസൂചനയുമുണ്ടാകാം.

വട്ടിയൂർക്കാവിലും കോന്നിയിലും ഞങ്ങൾ കോൺഗ്രസുകാർ തന്നെയാണ് നിങ്ങളെ ജയിപ്പിച്ചത് എന്ന ബോദ്ധ്യമാണ് തോൽവിയിലും സന്തോഷിക്കാൻ കോന്നിയിലെ ചുമതലക്കാരിലൊരാളായിരുന്ന സജീന്ദ്രനെ പ്രേരിപ്പിക്കുന്നത്.

നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെതിരെ വോട്ട് ചെയ്ത തിരുവനന്തപുരത്തെ മണികണ്ഠൻനായരെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിച്ച കോൺഗ്രസിന്റെ ത്യാഗസന്നദ്ധതയും സജീന്ദ്രൻ വിവരിച്ചു. സ്ഥാനാർത്ഥിയായ മണികണ്ഠൻനായർ പോളിംഗ് ബൂത്തിലെത്തിയപ്പോൾ ചിഹ്നം അരിവാളല്ല എന്ന് ഭാര്യ ഓർമ്മിപ്പിച്ചത്രേ. മണികണ്ഠൻനായർമാരുടെ കാലമാണോ കോൺഗ്രസിലെന്ന് ആരെങ്കിലും സംശയിക്കുന്നെങ്കിൽ സംശയിച്ചോട്ടെ!

കർഷക കടാശ്വാസത്തിന്റെ പരിധി ഒരു ലക്ഷം രൂപയെന്നത് രണ്ട് ലക്ഷമാക്കുന്ന ചെറിയൊരു ഭേദഗതിബില്ലാണെങ്കിലും 51 മിനിട്ടും 53 സെക്കൻഡുമെടുത്ത് ഒരുവിധം സജീന്ദ്രൻ തന്റെ പ്രസംഗം ഉപസംഹരിക്കുകയായിരുന്നു. ഈ റെക്കാഡ് പ്രസംഗത്തിന് മന്ത്രി സുനിൽകുമാറിന്റെ സംഭാവന ചെറുതല്ല. ഓരോ പത്ത് സെക്കൻഡിനിടയിലും മന്ത്രി എഴുന്നേൽക്കുകയും സജീന്ദ്രൻ വഴങ്ങുകയുമുണ്ടായി.

കൊമ്പന്റെ വഴിയേ മോഴയുമെന്ന പ്രമാണം സഭയുടെ കീഴ്വഴക്കമായത് കാരണം സജീന്ദ്രന്റെ നിരാകരണപ്രമേയത്തെ പിന്താങ്ങിയ എൽദോസ് കുന്നപ്പള്ളിയും 40 മിനിട്ടോളം പ്രസംഗിച്ച് സായൂജ്യമടഞ്ഞു.

നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്കുള്ള മന്ത്രിമാരുടെ ഉത്തരം കാണുമ്പോൾ നക്ഷത്രമെണ്ണിപ്പോകുന്നുവെന്നാണ് എൽദോസിന്റെ പരിദേവനം. മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവിന് മരടിൽ ഫ്ലാറ്റുണ്ടോയെന്ന ചോദ്യത്തിന് ഏത് മുഖ്യമന്ത്രിയുടേതെന്ന് വ്യക്തമാകാതെ മറുപടി തരാനാവില്ലെന്ന ഉത്തരം കിട്ടിയതാണ് എൽദോസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പേ കോന്നിയിലെത്തി യു.ഡി.എഫിനായി പ്രചാരണം തുടങ്ങിയ സജീന്ദ്രൻ അവിടെ എൽ.ഡി.എഫ് ജയിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയത് നല്ല ലക്ഷണമായി കോന്നിയുടെ പുതിയ അംഗം കെ.യു. ജനീഷ് കുമാർ വിലയിരുത്തി.

നിയമസഭയിലെ നവീകരണപ്രവർത്തനങ്ങൾ രണ്ടുദിവസമായി സഭയിൽ ചർച്ചാവിഷയമാണ്. വി.ഡി. സതീശൻ കഴിഞ്ഞദിവസവും എൽദോസ് കുന്നപ്പള്ളി ഇന്നലെയും ഇതെടുത്തിട്ടതിൽ ദുസ്സൂചന രാജു എബ്രഹാം മണത്തു. സഭയിൽ പറയാൻ പാടില്ലാത്തത് പറഞ്ഞ് സ്പീക്കറെ അധിക്ഷേപിച്ചെന്നാണ് പരാതി. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അംഗങ്ങൾ പലപ്പോഴും മറന്നുപോകുന്നതിൽ കുണ്ഠിതപ്പെട്ട സ്പീക്കർ, ചർച്ച ചെയ്തത് നിർഭാഗ്യകരമെന്ന് വിലയിരുത്താതിരുന്നില്ല. ലോകകേരളസഭയ്ക്ക് സ്ഥിരംവേദിയെന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും താനും ഒരുമിച്ചുണ്ടായ യോഗത്തിലെ തീരുമാനമാണെന്ന് സ്പീക്കർ പറഞ്ഞതിനെ ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാവ് ഒരുക്കമല്ലായിരുന്നു. ആ പാപത്തിൽ തനിക്ക് പങ്കില്ലെന്ന മട്ടിലായിരുന്നു അദ്ദേഹം. സ്പീക്കർ സഭയിലത് ചർച്ചയാക്കിയത് ശരിയല്ലെന്നായി അദ്ദേഹം. താനല്ല ചർച്ചയാക്കിയതെന്നും ക്രമപ്രശ്നത്തിന് റൂൾ ചെയ്യണ്ടേ എന്നുമെല്ലാം പ്രതിപക്ഷ നേതാവിനോട് സ്പീക്കർ തർക്കിച്ചുനോക്കിയെങ്കിലും താൻ പിടിച്ച മുയലിന് നാല് കൊമ്പെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ്. ചക്കിന് വച്ചത് കൊക്കിന് കൊണ്ട അവസ്ഥയായെന്ന് വേണമെങ്കിൽ പറയാം.

മാവോയിസ്റ്റ് വേട്ടയിൽ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറി മുൻവിധിയോടെ ലേഖനമെഴുതിയത് അന്വേഷണത്തെ സ്വാധീനിക്കുമെന്ന ആശങ്ക പ്രതിപക്ഷ നേതാവിനുണ്ടായി. ലേഖനമെഴുതാൻ ചീഫ് സെക്രട്ടറി മുൻകൂർ അനുമതി തേടിയിട്ടില്ലെങ്കിലും സർക്കാർ കൈക്കൊണ്ട നടപടികളെ ലേഖനത്തിലെ പരാമർശങ്ങൾ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.