ചിറയിൻകീഴ്: ചിറയിൻകീഴിലെ പല പ്രദേശങ്ങളും മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നു. വൻതോതിലാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ടിടുന്നത്.
ചിറയിൻകീഴ് ബസ് സ്റ്റാൻഡ് പരിസരമാകെ മാലിന്യ നിക്ഷേപങ്ങൾ കാണാം. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം ഒരു മതിലിന്റെ അകലമുള്ള ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി ദിനം പ്രതി ആയിരങ്ങൾ വന്നു പോകുന്ന സ്ഥലമാണിവിടം. മതിലിന്റെ ഓരത്താണ് മാലിന്യങ്ങൾ കൂടുതലും തള്ളുന്നത്. ഈ ഭാഗത്താണ് പ്രൈവറ്റ് ബസുകൾ പാർക്ക് ചെയ്യുന്നത്. മാലിന്യങ്ങൾ പലപ്പോഴും ബസിന്റെ മറവ് പറ്റി കിടക്കുമെന്നുള്ളതുകൊണ്ടാണ് കൂടുതലും ഈ ഭാഗങ്ങളിൽ മാലിന്യ തള്ളുന്നത്.
അനധികൃത ചന്ത പ്രവർത്തിക്കുന്ന രണ്ടാം പ്ലാറ്റ് ഫോമിന് സമാന്തരമായുളള റോഡരികിൽ മാലിന്യങ്ങളുടെ വൻ കൂമ്പാരമാണ്.
ഇക്കാരണത്താൽ തന്നെ ബണ്ടുകൾക്ക് സമീപമുള്ള കടകം, തെക്കേ അരയത്തുരുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവർ അനുഭവിക്കുന്ന യാതനകൾ ചില്ലറയല്ല. അസഹ്യമായ ദുർഗന്ധത്തിന് പുറമേ പകർച്ച വ്യാധികളുടെ ഈറ്റില്ലം കൂടിയായി മാറുകയാണ് ഇത്തരം സ്ഥലങ്ങൾ. വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും അവശിഷ്ടങ്ങൾ, ഇറച്ചി വെട്ട് കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ, വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ തുടങ്ങിയവയെല്ലാമാണ് വലിച്ചെറിയുന്നത്. മാലിന്യ നിക്ഷേപ സ്ഥലങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്. ചിറയിൻകീഴിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതിനാൽ മാലിന്യ സംസ്കരണം ഒരു കീറാമുട്ടിയാണിവിടെ.