4

പോത്തൻകോട്: ഒന്നിച്ചു പിറന്ന പഞ്ചരത്നങ്ങളിൽ നാലുപേർക്ക് ഒരേ നാളിൽ ഗുരുവായൂരപ്പന്റെ നടയിൽ മാംഗല്യം. പോത്തൻകോട് നന്നാട്ടുകാവ് 'പഞ്ചരത്‌ന'ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് അടുത്ത ഏപ്രിൽ 26 ന് വിവാഹിതരാകുന്നത്. നാലു പെങ്ങന്മാരുടെ ഒറ്റ ആങ്ങളയായ ഉത്രജൻ കല്യാണത്തിന് കാരണവരായി മുന്നിലുണ്ടാകും.

1995-ലായിരുന്നു പഞ്ചരത്നങ്ങളുടെ അപൂർവ പിറവി. ഒറ്റ പ്രസവത്തിൽ നാലു പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞും.

'പഞ്ചരത്ന'ങ്ങളുടെ ചോറൂണും പേരിടലും സ്‌കൂൾ പ്രവേശനവും എസ്.എസ്.എൽ.സി വിജയവും ഉൾപ്പെടെ വളർച്ചയുടെ ഓരോ ഘട്ടവും മാദ്ധ്യമങ്ങൾക്ക് വാർത്തയായി. ഇപ്പോൾ 24-ാം വയസ്സിൽ വിവാഹവാർത്തയും.

കുട്ടികളുടെ ഒൻപതാം വയസിൽ അച്ഛൻ പ്രേമകുമാർ മരണമടഞ്ഞതാണ് കുടുംബത്തിന്റെ തീരാദു:ഖം. വിധി പ്രതികൂലമായപ്പോഴും പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി അമ്മ രമാദേവി മക്കൾക്കു തണലായി. ബന്ധുക്കളുടെയും ഉറ്റവരുടെയും സഹായം കൊണ്ട് ബാദ്ധ്യതകൾ വീട്ടിത്തീർത്തു. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.

ഫാഷൻ ഡിസൈനർ ആയ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്.അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ ആയ ഉത്രജയെ ജീവിത സഖിയാക്കുന്നത് കുവൈറ്റിൽ അനസ്തേഷ്യ ടെക്‌നീഷ്യൻ ആയ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈൻ മാദ്ധ്യമപ്രവർത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ മഹേഷ് താലിചാർത്തും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ ആയ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂർക്കാവ് സ്വദേശി വിനീത് ജീവിതപങ്കാളിയാകും. ഇത്രനാൾ ഒരുമിച്ചുണ്ടായിരുന്ന മക്കൾ വിവാഹത്തോടെ അഞ്ചിടത്താകുന്നതിന്റെ സങ്കടമേയുള്ളൂ അമ്മയ്‌ക്ക്.