ഗുരുനാനാക്കിന്റെ സ്മരണ നിലനിറുത്തുന്ന പാകിസ്ഥാനിലെ നരോൾ ജില്ലയിലെ കർതാർപൂർ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് സുഗമമായ സന്ദർശനമെന്നത് ഇന്ത്യയിലെ സിക്ക് തീർത്ഥാടകരുടെ ചിരകാലാഭിലാഷമാണ്. ഈ സ്വപ്നമാണ് ഇന്നും നാളെയുമായി യാഥാർത്ഥ്യമാകുന്നത്. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഗുരുനാനാക്ക് ദേരയിൽ നിന്നും ഇന്ത്യാ-പാക് അതിർത്തി കടന്നാൽ ഇപ്പോൾ നിർമ്മിച്ച ഇടനാഴി വഴി നാലുകിലോമീറ്റർ ദൂരം മാത്രമേ കർതാർപൂർ ഗുരുദ്വാരയിലേക്കുള്ളൂ.
കർതാർപൂർ ഗുരുദ്വാരയുടെ പ്രാധാന്യം
ഗുരു നാനാക്ക്, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന പതിനെട്ട് വർഷങ്ങൾ ചിലവിടുകയും, ജീവിതാന്ത്യം ഉണ്ടായതും ഈ ഗുരുദ്വാര നിൽക്കുന്ന സ്ഥലത്തായിരുന്നു. അദ്ദേഹം ജീവൻ വെടിഞ്ഞത്. പട്ട്യാല മഹാരാജാവായിരുന്ന സർദാർ ഭൂപീന്ദർ സിംഗാണ് നാനാക്കിന്റെ സ്മരണ നിലനിറുത്താൻ 1925ൽ കർതാർപൂർ സാഹിബ് എന്നും അറിയപ്പെടുന്ന ദർബാർ സാഹിബ് പണി കഴിപ്പിച്ചത്. മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ യഥാർത്ഥ പകർപ്പുകളിലൊന്ന് ഈ ഗുരുദ്വാരയിൽ ഇപ്പോഴും സൂക്ഷിക്കുന്നുവെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു. എല്ലാ വർഷവും ഗുരുനാനാക്കിന്റെ ജയന്തി അഘോഷവേളയിൽ ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സുരക്ഷാ-കസ്റ്റംസ് പരിശോധനകളുടെ നൂലാമാലകളും കടമ്പകളും കടന്ന് 125 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് അമൃത്സർ-ലാഹോർ വഴി ഈ ഗുരുദ്വാരയിൽ തീർത്ഥാടനത്തിനായി പോകുന്നത്.
ഇടനാഴിയെന്ന ആശയം
വിഭജനത്തെ തുടർന്ന് 2000-ാമാണ്ട് വരെ ഈ മന്ദിരം അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. സിക്ക് തീർത്ഥാടകർ ഇതിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യാ-പാക് ബന്ധത്തിലെ അകൽച്ച കാരണം അവരുടെ ആവശ്യങ്ങൾ ബധിരകർണങ്ങളിലാണ് പതിച്ചത്.
പ്രധാനമന്ത്രിയെന്ന നിലയിൽ 1999-ൽ എ.ബി.വാജ്പേയി ലാഹോറിലേക്ക് നടത്തിയ ബസ് യാത്രാ വേളയിൽ കർതാർപൂർ സാഹിബിലേക്ക് സിക്ക് തീർത്ഥാടകർക്ക് വിസ ഒഴിവാക്കി ഇടനാഴി എന്ന ആവശ്യം പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനോട് ഉന്നയിക്കുകയും, അദ്ദേഹം തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാജ്യങ്ങൾക്കും സാധിച്ചില്ല. ഇടനാഴി എന്ന ആവശ്യം വീണ്ടും ജീവൻ വയ്ക്കുന്നത് പ്രധാനമന്ത്രി മൻമോഹൻ സിംഗ് 2004-ൽ ഇക്കാര്യം ഉന്നയിച്ചപ്പോഴായിരുന്നു. തുടർന്ന് യു.പി.എ. സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന പ്രണാബ് കുമാർ മുഖർജി, അന്നത്തെ പാക് വിദേശകാര്യ മന്ത്രിയായിരുന്ന എസ്.എം.ഖുറേഷിയുമായി ഇക്കാര്യം ചർച്ച ചെയ്തെങ്കിലും, പാക് ഭീകരർ മുംബയ് ആക്രമിച്ച സാഹചര്യത്തിൽ തുടർനടപടികൾ നിറുത്തിവച്ചു.
നവജ്യോത് സിദ്ദുവിന്റെ പങ്ക്
ഇന്ത്യാ -പാക് തർക്കങ്ങൾക്കിടയിൽപ്പെട്ട് വിസ്മൃതിയിലായിരുന്ന കർതാർപൂർ സാഹിബ് ഇടനാഴിയെന്ന ഇന്ത്യൻ തീർത്ഥാടകരുടെ ആവശ്യം സജീവമായത് ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി 2018 ആഗസ്റ്റിൽ സത്യപ്രതിജ്ഞ ചെയ്ത അവസരത്തിലാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ ക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായിരുന്ന നവ്ജ്യോത് സിംഗ് സിദ്ദുവിനെ സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹം പ്രത്യേകം ക്ഷണിച്ചു. ഇമ്രാൻഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച ഏക ഇന്ത്യൻ നേതാവ് സിദ്ദുവായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ സൈനിക മേധാവി ക്വാമർ ജാവേദ് ബജ്വയുമായുള്ള ചർച്ചയ്ക്കിടയിലാണ് ഗുരുനാനാക്കിന്റെ 550-ാം ജന്മദിനത്തിന് മുമ്പ് കർതാർപൂർ ഇടനാഴി പൂർത്തിയാക്കാമെന്ന് സിദ്ദുവിന് വാഗ്ദാനം നൽകിയത്. ഈ വാഗ്ദാനത്തെപ്പറ്റി അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പഞ്ചാബ് സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കി കേന്ദ്രസർക്കാരിന് നൽകുകയും, കേന്ദ്ര സർക്കാർ കർതാർപൂർ ഇടനാഴിക്ക് ഔപചാരികമായ അംഗീകാരം നൽകുകയും ചെയ്തു. അങ്ങനെയാണ് ഇന്ത്യൻ ഭാഗത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കല്ലിടീൽ 2018 നവംബർ 26 ന് വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവും പാകിസ്ഥാൻ ഭാഗത്ത് ഇമ്രാൻ ഖാനും നിർവഹിച്ചത്. ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നും പ്രത്യേക റോഡും മേൽപ്പാലങ്ങളും ഇടനാഴിയുടെ ഭാഗമായി നിർമ്മിച്ചതിന് പുറമേ രവിനദിക്ക് കുറുകെ 800 മീറ്റർ നീളത്തിൽ ബൃഹത്തായ ഒരു പാലവും പാകിസ്ഥാൻ പണികഴിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആശങ്കകൾ
ഇന്ത്യാ-പാക് തർക്കത്തിൽ അവഗണിക്കപ്പെട്ടു കിടന്ന ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ താത്പര്യമെടുത്തത് പാകിസ്ഥാൻ സൈനിക മേധാവിയായ ബജ്വയായതിനാൽ, കേന്ദ്ര സർക്കാരിനും അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിനും ചില ആശങ്കകൾ ഉണ്ട്. ഇന്ത്യയിൽ നിന്നും ഏകദേശം അയ്യായിരത്തോളം തീർത്ഥാടകർ പ്രതിദിനം ഈ ഇടനാഴി വഴി കർതാർപൂരിലേക്ക് യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുണ്യദിനങ്ങളിൽ എണ്ണത്തിൽ വീണ്ടും വർദ്ധനയുണ്ടാകും. തീർത്ഥാടകരുടെ ഇടയിൽ പാക് ചാര സംഘടനയായ ഐ.എസ്.ഐ യുടെയും സിക്ക് വിഘടനവാദികളായ ഖാലിസ്ഥാൻ വിമോചന സംഘടനയുടെയും പ്രവർത്തകർ നുഴഞ്ഞു കയറാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല ഈ സൗകര്യം തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറയായി പാകിസ്ഥാൻ സൈന്യം മാറ്റുമോയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വത്തെക്കാൾ, സൈനിക മേധാവികൾക്കാണ് കർതാർപൂർ ഇടനാഴി പ്രാവർത്തികമാക്കണം എന്ന അജൻഡയുള്ളതെന്നത് ബജ്വ ഇക്കാര്യത്തിലെടുത്ത പ്രത്യേക താത്പര്യം വെളിവാക്കുന്നു. കല്ലിടീൽ ചടങ്ങ് 2018 നവംബറിൽ നടത്തിയത് തന്നെ മുംബയ് ഭീകരാക്രമണത്തിന്റെ പത്താം വാർഷികത്തെ തമസ്കരിക്കാനായിരുന്നുവെന്നും ഇന്ത്യയിൽ ആരോപണമുണ്ടായെങ്കിലും സിക്ക് വിശ്വാസികളെ യാതൊരു വിധത്തിലും വ്രണപ്പെടുത്തരുതെന്ന് കരുതിയാണ് ഇന്ത്യ സാവധാനത്തിൽ കരുക്കൾ നീക്കിയത്.
ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികത്തിന് തുടക്കം കുറിക്കുന്നത് നവംബർ 12 നാണ്. അതിന് മുമ്പ് തന്നെ തീർത്ഥാടകർക്ക് കർതാർപൂർ സാഹിബിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നതിനായാണ് നിർമ്മാണം പൂർത്തിയായ ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാൻ ഭാഗത്തെ ഉദ്ഘാടനം നവംബർ ഒൻപതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും നിർവഹിക്കുന്നത്. പാകിസ്ഥാൻ ഭാഗത്തെ ഉദ്ഘാടനത്തിന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് ക്ഷണം നൽകിയെങ്കിലും അദ്ദേഹം പാകിസ്ഥാന്റെ ചടങ്ങിൽ പങ്കെടുക്കുകയില്ലെന്നും പകരം കർതാർപൂർ ഗുരുദ്വാരയിൽ തീർത്ഥാടകനായി പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ചടങ്ങിലേക്കും പാക് സർക്കാരിൽ നിന്നും ക്ഷണം ഔദ്യോഗികമായി ലഭിച്ച ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവ് നവജ്യോദ് സിദ്ദുവാണ്. വിദേശകാര്യ വകുപ്പിൽ നിന്നും അനുമതി ലഭിച്ചാൽ പാകിസ്ഥാന്റെ ഭാഗത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്.
കർതാർപൂർ ഇടനാഴി തുറക്കുന്നതോടെ സിക്ക് തീർത്ഥാടകരുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാകുമെങ്കിലും ഇന്ത്യാ-പാകിസ്ഥാൻ ബന്ധങ്ങളിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവുകയില്ല.
(ലേഖകന്റെ ഫോൺ : 9847173177 pssreekumarpss@gmail.com)