canara

കിളിമാനൂർ: കോടികൾ ചെലവിട്ട് സംസ്ഥാന പാതയായ എം.സി റോഡിൽ കഴക്കൂട്ടം മുതൽ വരെ അടൂർ വരെ നിർമ്മിക്കുന്ന സുരക്ഷിത ഇടനാഴി റോഡ് നിർമാണ പദ്ധതി പാളുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ടാണ് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സുരക്ഷിത ഇടനാഴി നിർമ്മിക്കുന്നത്. ഇരുവശങ്ങളിലും ഓടകളും നടപ്പാതകളും സംരക്ഷണ വേലികളും നിർമ്മിക്കാനാണ് പദ്ധതി. കിളിമാനൂർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ വാഹന പാർക്കിഗിന് സൗകര്യം ഒരുക്കാനും പദ്ധതി ഉണ്ടായിരുന്നു. ഓട നിർമ്മാണവും നടപ്പാത നിർമ്മാണവും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.

കിളിമാനൂർ ടൗണിൽ ഉൾപ്പെടെ പണി പൂർത്തിയാക്കാതെ ഇവർ കുഴിച്ച കുഴികൾ നിരന്തരം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇരട്ടച്ചിറ ഭാഗത്തായി കുന്നിൻ ചരുവിനോട് ചേർന്നാണ് ഓട നിർമിച്ചിട്ടുള്ളത്.ഇവിടെ റോഡിന്റെ വീതി കാണിക്കുന്ന വരകൾ പോലും കുന്നിനോട് ചേർന്നാണ് വരച്ചിട്ടുള്ളത്. കാടുമൂടിയ കൊടും വളവിലാണ് ഇത്തരത്തിൽ റോഡ് വികസനം നടപ്പിലാക്കിയിരിക്കുന്നത്. കാൽനടയാത്രക്കാർക്ക് ഇത് കാരണം അപകടം ഉണ്ടാകാവുന്ന അവസ്ഥയാണുള്ളത്. പുറമ്പോക്ക് ഉൾപ്പെടെ ഏറ്റെടുത്ത് റോഡ് വികസനം നടത്തുന്നതിൽ നടന്ന ക്രമക്കേടാണ് ഇതിന് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു. അടുത്തിടെ ഇത്തരം ക്രമക്കേടുകൾക്കെതിരെ വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പുറമ്പോക്ക് ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തി വികസനം നടത്തുമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞെങ്കിലും അതൊന്നും നടപ്പിലാകുന്നില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരമുള്ള നടപ്പാതകളും സംരക്ഷണ വേലിയും നിർമ്മിക്കുന്നതിന് മുൻപ് കിളിമാനൂർ ടൗണിൽ ഗതാഗതക്കുരുക്ക് അപൂർവമായിരുന്നു. എന്നാൽ ഇപ്പോൾ ട്രാഫിക് ബ്ലോക്ക് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.