വിതുര: ഹരിത ഭൂമിക്കായി 'സ്വസ്ഥ് ബാഗ്' എന്ന പേരിൽ ഔഷധ ഗാർഡനൊരുക്കി മാതൃകയായിരിക്കുകയാണ് വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. എസ്.പി.സി പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പത്തുലക്ഷം തൈകൾ നട്ടു സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദ്യാർത്ഥികൾ സ്റ്റേഷനിൽ ഔഷധ ഗാർഡൻ ഒരുക്കിയത്. അപൂർവമായി മാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ച, കല്ലുവാഴ തുടങ്ങി എൺപത് സ്പീഷീസിൽപെട്ട സസ്യങ്ങളാണ് ഗാർഡനിലുള്ളത്. ഓരോ ഔഷധച്ചെടിക്കും പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സസ്യത്തിന്റെ പേര്, ശാസ്ത്രീയ നാമം, ഉപയോഗം തുടങ്ങി നിരവധി വിവരങ്ങൾ ലഭ്യമാകും. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സസ്യങ്ങൾ ലഭ്യമാക്കിയത്. ഇവിടത്തെ സസ്യശാസ്ത്രജ്ഞനായ ഡോ. മാത്യൂഡാനാണ് നിർദ്ദേശങ്ങൾ നൽകുന്നത്. സ്വസ്ഥ് ബാഗ് പദ്ധതി എസ്.പി.സി തിരുവനന്തപുരം നോഡൽ ഓഫീസർ ഡി.വൈ.എസ്.പി എസ്. ദിനരാജ് ഉദ്ഘാടനം ചെയ്തു. വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ സാബു, പി.ടി.എ പ്രസിഡന്റ് ഭുവനേന്ദ്രൻ, എസ്.എം.സി ചെയർമാൻ വിനീഷ് കുമാർ, എസ്.പി.സി അസി. ജില്ലാ നോഡൽ ഓഫീസർ അനിൽ കുമാർ, ശ്രീജിത്ത്, മാതൃകാകർഷകൻ തച്ചൻകോട് മനോഹരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം.എൻ. ഷാഫി, സജീവ് എസ്.എസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ വി.വി. വിനോദ്, സൈനി കുമാരി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ. അൻവർ, വി.എസ്. ഷീജ, പി.ടി.എ അംഗം അനി തുടങ്ങിയവർ പങ്കെടുത്തു.