student

വർക്കല: വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം പടർന്നുപിടിച്ചതിനെ തുടർന്ന് ചാവർകോട് സി.എച്ച്.എം.എം കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് കോളേജും കാന്റീനും അടച്ചത്. 25 വിദ്യാർത്ഥികൾക്ക് ഇതിനകം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. പി. അനിൽകുമാർ, ബ്ലോക്ക് ഹെൽത്ത് ഓഫീസർ (റൂറൽ) എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘം കോളേജിലെത്തുകയും കിണർ ഉൾപ്പടെ ജലസ്രോതസുകൾ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കോളേജ് കാന്റീനിലെ ഒരു ജീവനക്കാരന് ഹെപ്പറ്രൈറ്റിസ് -എ ബാധ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോളേജ് കാന്റീനും അരോഗ്യവകുപ്പ് അടപ്പിച്ചു. ആരോഗ്യ പ്രവർത്തകർ എത്തും മുമ്പുതന്നെ കോളേജ് അധികൃതർ ജലസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്തിരുന്നു. വെള്ളം കൊല്ലത്തെ വാട്ടർ അതോറിട്ടിയുടെ ലാബിൽ പരിശോധനയ്ക്കയക്കുകയും ചെയ്തു. അതിന്റെ ഫലവും ഇതേവരെ ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച മുഴുവൻ വിദ്യാർത്ഥികളുടെയും 'സിറം' ശേഖരിക്കുകയും തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കയച്ചു. മഞ്ഞപ്പിത്തബാധ ഇപ്പോൾ നിയന്ത്റണ വിധേയമാണെന്ന് ബ്ലോക്ക് ഹെൽത്ത് ഓഫീസർ (റൂറൽ) പറഞ്ഞു. കോളേജ് കാമ്പസും പരിസരങ്ങളുമെല്ലാം തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. സർവൈവലൻസ് ഓഫീസർ കൂടിയായ അഡിഷണൽ ഡി.എം.ഒ ഡോ. ലീനയുടെ നേതൃത്വത്തിൽ എപ്പിഡോളമിസ്റ്റ് ഉൾപെടെയുളള ആരോഗ്യ പ്രവർത്തക സംഘവും കോളേജ് സന്ദർശിച്ചു.