തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് സംരക്ഷിക്കുന്നെന്ന ആരോപണവുമായി മാതാവ് രംഗത്ത്. ലോട്ടറി വകുപ്പിലെ ജീവനക്കാരനായ വർക്കല പാലച്ചിറ സ്വദേശിക്കെതിരെ കഴിഞ്ഞ മാസം 5ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇവർ താമസിച്ചിരുന്ന വെള്ളയമ്പലത്തെ ഫ്ലാറ്റിലും മറ്റും വച്ച് ഇയാൾ പല തവണ പന്ത്റണ്ട് വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മ്യൂസിയം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഇയാൾക്കൊപ്പം ഒത്തുകളിക്കുകയാണെന്നാണ് ആരോപണം. സർക്കാർ ജീവനക്കാരുടെ ഇടത് യൂണിയനിൽ അംഗമായ ഇയാൾക്ക് വേണ്ടി രാഷ്ട്രീയ ഇടപെടലുണ്ടായെന്നും മാതാവ് പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ സർക്കാർ ജോലിക്കൊപ്പം ഗൾഫിൽ ബിസിനസും നടത്തുന്ന പ്രതിയെ കേസ് സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ച് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്നാണ് ആരോപണം. കേസുമായി മുന്നോട്ട് പോകുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു ഇടനിലക്കാരൻ വഴി കേസിൽ നിന്ന് പിന്മാറണമെന്നറിയിച്ച് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മാതാവ് കൂട്ടിചേർത്തു.