vld-1

വെള്ളറട: പാറശാല നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ സി.കെ. ഹരീന്ദ്രൻ എം.എൽ.എയും കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ.സമ്പത്തും കേന്ദ്രമന്ത്രിമാരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മലയോര ഹൈവേയെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന അമരവിള-കാരക്കോണം റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും എയ്തുകൊണ്ടാൻകാണിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് പണിയുന്നതിനും സഹായം തേടി കേന്ദ്രമന്ത്രി വി. മുരളീധരനുമായി ചർച്ച നടത്തി.

ഈ പദ്ധതിക്കായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 30 കോടി രൂപ കിഫ്ബി വഴി അനുവദിച്ച വിവരവും മന്ത്രിയെ ധരിപ്പിച്ചു. ഇതിനു പുറമേ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻഡർ നടപടി പൂർത്തിയാക്കിയ അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽക്കടവ് പാലം പണിയുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി ഇരുവരും ചർച്ച നടത്തി. പദ്ധതിക്ക് സംസ്ഥാന വനം പരിസ്ഥിതി ബോർഡ് അംഗീകാരം നൽകി കേന്ദ്ര അനുമതിക്കായി സമർപ്പിച്ച വിവരവും ധരിപ്പിച്ചു. കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്നും അനുഭാവപൂർവമായ പ്രതികരണമാണ് ലഭിച്ചതെന്നും രണ്ടു പദ്ധതികൾക്കുമുള്ള അനുമതി വൈകാതെ ലഭ്യമാകുമെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.