krdcl

തിരുവനന്തപുരം: തിരുവനന്തപുരത്തെ നാലുമണിക്കൂറിൽ കാസർകോട്ടുമായി ബന്ധിപ്പിക്കുന്ന സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതിയുടെ സർവേ നടപടികൾ ഡൽഹിയിലെ പുകമഞ്ഞിൽ കുടുങ്ങി..! പതിനൊന്ന് ജില്ലകളിൽ സ്ഥലമെടുപ്പിനായി ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശസർവേക്ക് കേന്ദ്രത്തിന്റെ ക്ലിയറൻസ് ലഭിച്ചെങ്കിലും ഡൽഹിയിൽ വിഷപ്പുക മൂടി കാഴ്ച മറഞ്ഞതിനാൽ ഹൈദരാബാദ് ആസ്ഥാനമായ ജിയോനോകമ്പനിക്ക് ഹെലികോപ്ടർ ഇറക്കാനുള്ള അനുമതി ലഭിച്ചില്ല. കേന്ദ്രപ്രതിരോധ മന്ത്രാലയം ഹെലികോപ്ടറും സർവേക്കുള്ള ഉപകരണങ്ങളും പരിശോധിച്ച് സർട്ടിഫൈ ചെയ്താലേ ആകാശസർവേ ആരംഭിക്കാനാവൂ. ഇന്ന് നടത്താനിരുന്ന പരിശോധന അടുത്ത ആഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. അതിവേഗം സർവേ പൂർത്തിയാക്കാനാണ് 1.70 കോടിക്ക് ആകാശസർവേ നടത്തുന്നത്.

ആകാശ സർവേ ഇങ്ങനെ

25 കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണ ആകൃതിയിലുള്ള ഇടനാഴികളായി റഫറൻസ് പോയിന്റുകൾ മാർക്കുചെയ്താണ് ലൈ​റ്റ് ഡി​റ്റക്‌ഷൻ ആൻഡ് റേഞ്ചിംഗ് (ലിഡാർ) സാങ്കേതികവിദ്യയിലൂടെയുള്ള ആകാശസർവേ. ഹെലികോപ്ടറിൽ ഘടിപ്പിച്ച ലേസർ സ്‌കാനറുകളും സെൻസറുകളും ഉപയോഗിച്ചാണ് സർവേ നടത്തുക. സർവേ നടത്തുന്ന പ്രദേശത്തിന്റെ ത്രിമാനരൂപമാണ് ലഭിക്കുക. ഈ ഡാറ്റ വിശകലനം നടത്തിയാണ് അന്തിമ അലൈൻമെന്റുണ്ടാക്കുക. കാസർകോട് വരെയുള്ള 531.45 കിലോമീറ്ററിൽ 80 കി.മീറ്ററിൽ ആകാശസർവേക്ക് പ്രതിരോധമന്ത്രാലയം ആദ്യം അനുമതി നൽകിയിരുന്നില്ല. പിന്നീട് കർശനവ്യവസ്ഥകളോടെ ഇത് മൂന്നുകിലോമീറ്ററായി ചുരുക്കി. ഇവിടങ്ങളിൽ മാന്വൽസർവേ നടത്തും.

.

ഇവിടങ്ങളിൽ ആകാശസർവേ നടപ്പില്ല

നാവിക അക്കാഡമി

നാവികസേനയുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് കണ്ണൂർ ഏഴിമലയിലേത്. 2452 ഏക്കർ വിസ്തൃതിയുണ്ട്.

ഐ.എൻ.എസ് ഗരുഡ

നാവികസേനയുടെ കൊച്ചിയിലെ എയർസ്റ്റേഷൻ.

തിരുവനന്തപുരം വിമാനത്താവളം

ഐ.എസ്.ആർ.ഒ, ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളുള്ളതിനാലാണ് വിലക്ക്.

''ഡൽഹിയിലെ കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ ഹെലികോപ്ടർ ഇറക്കാനാവും. അനുമതി ലഭിച്ചാൽ ഒരാഴ്ചയ്ക്കകം ആകാശസർവേ പൂർത്തിയാക്കും.''

- വി. അജിത്കുമാർ, മാനേജിംഗ് ഡയറക്ടർ, റെയിൽവികസന കോർപറേഷൻ