കോവളം:വിഴിഞ്ഞം-പയറ്റുവിളയിൽ ഇതര സംസ്ഥാന ലേബർ ക്യാമ്പുകളിലൂടെ പകരുന്ന മാരക രോഗങ്ങൾ വൻ സാമൂഹിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്കുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കൊതുക് പരത്തുന്ന മന്ത്,മലമ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ മുക്കോല പിഎച്ച്എസിക്ക് കീഴിലുള്ള സ്ഥലങ്ങളിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിരുന്നു.വേണ്ടത്ര ശുചിത്വമില്ലാതെയും ചുരുങ്ങിയ സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിലുമധികം ആളുകളെ നിറച്ചും പ്രവർത്തിക്കുന്ന നിരവധി ക്യാമ്പുകളാണ് ഉച്ചക്കട, പയറ്റുവിള എന്നിവിടങ്ങളിൽ ഉള്ളത്. പ്രദേശവാസികളിൽ നിന്ന് നിരന്തരം പരാതികൾ ഉയർന്നെെങ്കിലും രാഷ്ടീയ ഇടപെടലുകളെ തുടർന്ന് പൊലീസ് അന്വേഷണം ഉണ്ടായില്ലെന്ന് പറയുന്നു. തദ്ദേശവാസികൾ തന്നെ നടത്തുന്ന ഈ ലേബർ ക്യാമ്പുകൾ ശുചിത്വ മാനദണ്ഡങ്ങളൊന്നും ഉറപ്പുവരുത്താതെയാണ് പ്രവർത്തിയ്ക്കുന്നത്.പയറ്റുവിളയിൽ പ്രവർത്തിച്ചിരുന്ന 12 ഓളം നെയ്ത്ത് ശാലകൾ ഷീറ്റുകൾ മറച്ച് ക്യാമ്പുകളാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവിടെ തൊഴിലാളികൾക്ക് വേണ്ട യാതൊരു സൗകര്യവും ഏർപ്പെടുത്തിയിട്ടില്ല. തൊഴിലാളികളിൽ നിന്നും ആളൊന്നിന് ആയിരം രൂപയാണ് ഉടമകൾ പിരിച്ചെടുക്കുന്നതെന്ന് പറയുന്നു. മുക്കോല,നെല്ലിക്കുന്ന്,കല്ലുവെട്ടാൽകുഴി, തുടങ്ങിയ പ്രദേശങ്ങളിലും ലേബർ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ക്യാമ്പിൽ അഞ്ഞൂറും അറുന്നൂറും എന്ന നിലയിൽ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ലേബർ ക്യാമ്പുകളിലായി താമസിക്കുന്നത്. വേണ്ടത്ര സാനിട്ടറി സൗകര്യങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന ക്യാമ്പുകൾ പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കക്കൂസ് മാലിന്യങ്ങൾ സമീപത്തെ പറമ്പുകളിലേക്ക് തുറന്നുവിടുന്നതായും കിണറുകളിലെ ജലം മലിനമാകുന്നതായും ആരോപണമുണ്ട്. ക്യാമ്പുകളുടെ പരിസരത്ത് മാലിന്യങ്ങൾ നിറഞ്ഞ് കൊതുകുകൾ പെരുകി രോഗഭീഷണി നിലനിൽക്കുന്നു.ഇതിനൊപ്പം ക്യാമ്പുകളുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കഞ്ചാവ് ലോബികൾ പ്രവർത്തിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
മുക്കോലയിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് മാലിന്യ പ്രശ്‌നങ്ങളെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അടച്ചുപൂട്ടിയിരുന്നു.എന്നാൽ അടച്ചുപൂട്ടിയ ക്യാമ്പുകൾ പൊലീസിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതായും പറയുന്നു.