പാലോട്: പാലോട് മടത്തറ റോഡിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. അന്തർ സംസ്ഥാന പാതയായ തെങ്കാശിപ്പാതയിൽ കാർഷിക വികസന ബാങ്കിന് മുൻവശത്തെ വെള്ളക്കെട്ടാണ് കൂടുതൽ അപകടകരം. വർഷങ്ങളായി തുടരുന്ന ഈ അപകടക്കെണി ഗ്രാമപഞ്ചായത്തോ പൊതുമരാമത്തോ പരിഹരിക്കുന്നില്ല. സമീപത്തെ ഓടകൾ വൃത്തിയാക്കിയാൽ വെള്ളക്കെട്ട് മാറുമെങ്കിലും അര കിലോമീറ്റർ അകലെയുള്ള പാലോട് പൊതുമരാമത്ത് ഓഫീസിനോ പ്രദേശവാസികൾക്കോ ഇക്കാര്യത്തിൽ താത്പര്യമില്ല. റോഡിന്റെ ഒരുഭാഗം വെള്ളക്കെട്ടു നിറഞ്ഞ് വലിയ അപകടക്കുഴിയായി മാറിയിരിക്കയാണ്. മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ വെള്ളക്കെട്ടിൽ വീണ് ഇരുചക്രവാഹനങ്ങൾക്ക് അപകടം സംഭവിക്കുന്നത് പതിവാണ്. കഴിഞ്ഞദിവസം കൈക്കുഞ്ഞുമായി വന്ന മടത്തറ ശിവൻ മുക്ക് സ്വദേശികളായ ദമ്പതികൾ ഈ വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. മലയോരഹൈവേയുടെ നിർമ്മാണം നടക്കുന്ന ഈ പാതയിൽ ഇലവുപാലം, കൊല്ലായിൽ, കലയപുരം എന്നിവിടങ്ങളിലെ റോഡ് നിർമ്മാണത്തിനിടെ ഉണ്ടായ വെള്ളക്കെട്ടുകളും അപകടഭീഷണി ഉയർത്തുന്നുണ്ട്. പാലോട് ചുള്ളിമാനൂർ റോഡിലെ പ്ലാവറ, എസ്.കെ.വി.സ്‌കൂൾ ജംഗ്ഷൻ, ഇളവട്ടം സ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ വെളളക്കെട്ടുകളും അപകടഭീഷണിയിലാണ്. ഓടകൾ അടച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ് പൊതു നിരത്തിൽ വെള്ളക്കെട്ട് ഉയരുന്നതിന് കാരണം.