തിരുവനന്തപുരം: പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും സംസ്ഥാനത്തെ എല്ലാ കർഷകർക്കും ക്ഷേമനിധി ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്ന 2018-ലെ കേരള കർഷക ക്ഷേമനിധി ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി റിപ്പോർട്ടും സെലക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലും മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ നിയമസഭയിൽ വച്ചു.
അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തൃതിയുള്ള ഭൂമി കൈവശമുള്ളവരാണ് ബില്ല് പ്രകാരം കർഷകർ. റബർ, കാപ്പി, തേയില, ഏലം എന്നിവ കൃഷി ചെയ്യുന്ന ഏഴര ഏക്കർ വരെ കൈവശമുള്ളവരും ഈ പട്ടികയിൽപ്പെടും. എന്നാൽ മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായിരിക്കണം.
ക്ഷേമനിധിയിൽ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ച് അംഗമാവുകയും 60 വയസ് പൂർത്തിയാവുകയും ചെയ്തവർക്ക് അടച്ച അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പെൻഷൻ. മറ്റേതെങ്കിലും ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർക്ക് ഈ പെൻഷൻ ലഭിക്കില്ല. തൊഴിൽ അവസാനിപ്പിക്കുകയോ അനാരോഗ്യം മൂലം ജോലിയിൽ തുടരാൻ കഴിയാതെ വരികയോ ചെയ്യുകയും അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്‌ക്കുകയും ചെയ്തയാൾക്ക് അംശദായം അടച്ച വർഷങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി നിശ്ചിത തുക പെൻഷനായി നൽകും. പതിനെട്ടു വയസ് പൂർത്തിയായ ആർക്കും അംഗമാകാം.
അംഗങ്ങളുടെ അംശദായത്തിനു തുല്യമായ തുക സർക്കാരും നൽകണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവരും കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വ്യാപാരം നടത്തുന്നവരും വാർഷിക ലാഭത്തിന്റെ ഒരു ശതമാനം വരുന്ന തുക ഇൻസെന്റീവ് ആയി ക്ഷേമനിധി ബോർഡിലേക്ക് നല്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
പട്ടികയിൽ ഉൾപ്പെടുന്നവർ
റബർ, കാപ്പി, തേയില, ഏലം എന്നിവ കൃഷി ചെയ്യുന്ന ഏഴര ഏക്കർ വരെ കൈവശമുള്ളവർ
മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായിരിക്കണം
അഞ്ചു സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും വിസ്തൃതിയുള്ള ഭൂമി കൈവശമുള്ളവർ
ക്ഷേമനിധിയിൽ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ച് അംഗമാവുകയും 60 വയസ് പൂർത്തിയാവുകയും ചെയ്തവർക്ക് പെൻഷൻ.
പതിനെട്ടു വയസ് പൂർത്തിയായ ആർക്കും അംഗമാകാം.
അംഗങ്ങളുടെ അംശദായത്തിനു തുല്യമായ തുക സർക്കാർ നൽകും.