
പൂവാർ: തീരദേശ മേഖലയായ കരുംകുളം വില്ലേജ്ഓഫീസിന്റെ പ്രവർത്തനം കഴിഞ്ഞ കുറച്ച് നാളുകളായി അവതാളത്തിലാണ്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ ലീവിൽ പ്രവേശിച്ചതാണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണം. മൂന്ന് മാസങ്ങൾക്ക് മുമ്പ് പത്ത് ദിവസത്തെ ലീവിൽ പോയ ഓഫീസർ നാളിതുവരെ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. പകരം കാഞ്ഞിരംകുളം വില്ലേജ് ഓഫീസർക്കാണ് ചാർജ്ജ്. ഇദ്ദേഹമാകട്ടെ ഉച്ചയ്ക്ക് ശേഷമേ കരുംകുളം വില്ലേജിൽ എത്തുകയുള്ളു. എല്ലാ പ്രവർത്തി ദിവസങ്ങളിലും നല്ല തിരക്ക് അനുഭവപ്പെടുന്ന ഒരു വില്ലേജ് ഓഫീസാണ് കരുംകുളത്തേത്. എന്നാലിപ്പോൾ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി സജീവമായതോടെയാണ് തീരദേശത്തെ പുറംപോക്കിൽ താമസിക്കുന്നവർ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വന്നു തുടങ്ങിയതാണ്. ഇതോടെ പ്രതിസന്ധിക്ക് തുടക്കമായെന്നാണ് ജീവനക്കാർ പറയുന്നത്. വസ്തു സംബന്ധമായ അപേക്ഷകളാകട്ടെ ഇപ്പോൾ തന്നെ ആയിരത്തിലധികം കെട്ടിക്കിടക്കുന്നു. അന്വേഷണം നടത്തുന്നതിനും തീർപ്പ് കല്പിക്കുന്നതിനും സ്ഥിരം സംവിധാനമില്ല. രാവിലെ മുതൽ വൈകിട്ട് വരെ ആവശ്യക്കാർ കയറിയിറങ്ങി നടക്കുന്നത് നിത്യസംഭവമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് മറ്റൊരു പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. പ്രദേശത്തെ സാമുഹ്യ രാഷ്ട്രീയ സംഘടനകൾ ഈ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
ഒരു വില്ലേജ്ഓഫീസർ കൂടാതെ രണ്ട് വില്ലേജ് അസിസ്റ്റന്റ് മാരും, ഒരു ഫീൽഡ് അസിസ്റ്റന്റുമാണ് ഇപ്പോൾ നിലവിലുള്ള ജീവനക്കാർ. ജനസാന്ദ്രതയും വീടുകളുടെ എണ്ണവും പരിഗണിക്കുമ്പോൾ ഇത് പര്യാപ്തമല്ലന്ന് ബോധ്യമായിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.