ആറ്റിങ്ങൽ: വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ്. ആറ്റിങ്ങൽ പുത്തൻകുളം കല്ലറതോട്ടം കൊച്ചുവീട്ടിൽ സന്തോഷിന്റെ ഭാര്യ ലിജി(27)യാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ചെ 12.15നാണ് സംഭവം.
ഈ മാസം പതിനൊന്നാണ് ലിജിക്ക് ഡോക്ടർമാർ പ്രസവ തീയതിയായി പറഞ്ഞിരുന്നത്. എന്നാൽ രാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലിജിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായി. വീട്ടിലെ കിടപ്പുമുറിയിൽ ലിജി പ്രസവിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടി. ആറ്റിങ്ങൽ വലിയകുന്ന് സർക്കാർ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രകാശ്, പൈലറ്റ് ശ്രീനാഥ് എന്നിവർ ഉടൻ സ്ഥലത്തെത്തി. കുഞ്ഞിന്റെ പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തിയ ശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രകാശ് പ്രഥമ ശുശ്രൂഷ നൽകി. ഇരുവരെയും ചിറയിൻകീഴ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.