കല്ലമ്പലം :കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 8, 11, 12, 13 തീയതികളിൽ നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും ഗവൺമെന്റ് എൽ.പി.എസിലുമായി നടക്കും .എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ 3500 ഓളം കുട്ടികൾ 295 ഇനങ്ങളിൽ മത്സരിക്കും. 9 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 8ന് രചനാ മത്സരങ്ങൾക്ക് പുറമേ എൽ.പി വിഭാഗം പ്രസംഗം മലയാളം, പദ്യം ചൊല്ലൽ, കഥാകഥനം, ആക്ഷൻ സോംഗ് മലയാളം എന്നിവ കൂടി നടക്കും. ഉദ്ഘാടന സമ്മേളനം അടൂർ പ്രകാശ് എം.പിയും, സമാപന സമ്മേളനം വി.ജോയ് എം.എൽ.എയും നിർവഹിക്കും. 11ന് വിളംബരജാഥ നാവായിക്കുളം പഞ്ചായത്തിൽ നിന്നു ആരംഭിക്കും. വിവിധ കലാരൂപങ്ങൾ ജാഥയിൽ അണിനിരക്കും. നാവായിക്കുളം ദേവസ്വം ആഡിറ്റോറിയത്തിലാണ് ഭക്ഷണ വിതരണം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകസമിതി നാവായിക്കുളത്ത് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ വി.രാജു, ജനറൽ കൺവീനർ എസ്.ബാബു, പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.ബിജു, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വിഷ്ണു കല്പടയ്ക്കൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ബിനു, പബ്ലിസിറ്റി ചെയർമാൻ മുഹമ്മദ് ആസിഫ്, വെൽഫെയർ കമ്മിറ്റി ചെയർമാൻ എൻ. സിയാദ്, പി.ടി.എ പ്രസിഡന്റ് ഫൈസൽ ഖാൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ എസ്.എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു.