malayinkil-anapara

മലയിൻകീഴ്: ആനപ്പാറ പ്രദേശത്ത് 10 ദിവസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി.

65 കുടുംബങ്ങളാണ് കുടിനീരിനായി നെട്ടോട്ടമോടുന്നത്. മലയിൻകീഴ് ഐ.ടി റോഡിലെ വാട്ടർ ടാങ്കിൽ നിന്നാണ് പ്രദേശവാസികൾക്കും ആനപ്പാറ കുന്നിലെ ഗവ. സ്കൂൾ, കോളേജ്, ഐ.ടി എന്നീ സ്ഥാപനങ്ങൾക്കും കുടിവെള്ളമെത്തുന്നത്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളമാണ് ഏക ആശ്രയം. ശാന്തുംമൂല നിന്നാണ് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. തകരാറിലായ പമ്പ് അറ്റകുറ്റപണി ചെയ്ത് സ്ഥാപിച്ചെങ്കിലും വീണ്ടും പ്രവർത്തന രഹിതമായതാണ് വെള്ളം മുടങ്ങാൻ കാരണം. ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത്‌ ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വില കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കാളിപ്പാറ ശുദ്ധജല പദ്ധതിയിൽ നിന്നും അടിയന്തരമായി ജലമെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരമാരംഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നു.

(ഫോട്ടോ അടിക്കുറിപ്പ്...പണം കൊടുത്ത് വെള്ളം വാങ്ങാൻ കാത്തുനിൽക്കുന്ന ആനപ്പാറ നിവാസികൾ)