തിരുവനന്തപുരം: മാവോയിസ്റ്റുകൾക്കെതിരായ തണ്ടർബോൾട്ട് നടപടിയെ ന്യായീകരിച്ചുള്ള ചീഫ്സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തിയതോടെ ,അദ്ദേഹത്തിനെതിരെ നടപടിയോ അന്വേഷണമോ ഉണ്ടാവില്ലെന്ന് ഉറപ്പായി. സർക്കാർ നയത്തെ ന്യായീകരിക്കുകയാണ് ചീഫ്സെക്രട്ടറി ചെയ്തതെന്നാണ് വിലയിരുത്തൽ.
എന്നാൽ ചീഫ്സെക്രട്ടറിയുടെ നടപടി അധാർമ്മികമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെക്കുറിച്ച് ജില്ലാ കളക്ടറുടെ മജിസ്റ്റീരിയൽ അന്വേഷണം നടക്കുകയാണ്. . മുതിർന്ന ഉദ്യോഗസ്ഥന്റെ അഭിപ്രായപ്രകടനം അന്വേഷണത്തെ സ്വാധീനിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. ചീഫ്സെക്രട്ടറി പറഞ്ഞതിനപ്പുറം രണ്ട് അന്വേഷണങ്ങളിലും ഒന്നും കണ്ടെത്താനാവില്ലെന്നാണ് .
പരസ്യമായ അഭിപ്രായപ്രകടനത്തിന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്, ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.അശോക് എന്നിവർക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. സർക്കാർ അനുമതിയില്ലാതെ ആത്മകഥയെഴുതിയതിനും ഓഖി ചുഴലിക്കാറ്റിൽ രക്ഷാദൗത്യത്തിലെ വീഴ്ചകളെക്കുറിച്ച് പ്രസംഗിച്ചതിനുമാണ് ഡി.ജി.പി ജേക്കബ് തോമസിനെ 22മാസം സസ്പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് കേസുമുണ്ട്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നാണ് അദ്ദേഹത്തെ തിരിച്ചെടുത്ത് വ്യവസായ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനത്തിലെ അപ്രധാന തസ്തികയിൽ നിയമിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ശിവഗിരിയിലെത്തിയപ്പോൾ 'കേരളകൗമുദി'യിൽ ലേഖനമെഴുതിയതിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.ബി.അശോകിനെതിരെ നടപടിയെടുത്തത്. സ്ഥാനക്കയറ്റം തടയുകയും അച്ചടക്ക നടപടി തുടങ്ങുകയും കേന്ദ്രത്തിൽ എംപാനൽ ചെയ്യുന്നതിനെ എതിർക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ തരംതാഴ്ത്താനും ശ്രമമുണ്ടായി.സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ നടപടികൾ ഉപേക്ഷിക്കുകയായിരുന്നു.
സർക്കാർ അനുമതിയില്ലാതെയാണ് ചീഫ്സെക്രട്ടറി ടോംജോസ് ലേഖനമെഴുതിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സാധാരണ പൗരന്മാർക്കുള്ള എല്ലാ അഭിപ്രായപ്രകടന സ്വാതന്ത്ര്യവുമുണ്ടെന്ന് വിജയ് പാണ്ഡെ കേസിൽ സുപ്രീംകോടതി 2014ൽ ഉത്തരവിറക്കിയിട്ടുണ്ട്. ഇതുപ്രകാരം സിവിൽ സർവീസുകാർക്ക് ഭരണത്തിലെ വീഴ്ചകൾ, അഴിമതികൾ എന്നിങ്ങനെ ഏതുകാര്യത്തിലും അഭിപ്രായം പറയാം. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി, തനിക്കെതിരായ കേസുകളും നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ്തോമസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ്സെക്രട്ടറിയുടെ ലേഖനമെഴുത്തിൽ നടപടി വേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ , അത് ജേക്കബ്തോമസ് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസിലും ബാധകമാവും.
അതേ സമയം, സംസ്ഥാനത്തെ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്രത്തിൽ ചർച്ചയാക്കാനാണ് ചീഫ്സെക്രട്ടറിയുടെ ലേഖനം ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചതെന്നും പറയുന്നു.