തിരുവനന്തപുരം: ലഹരിക്ക് അടിമകളാവുന്ന കുട്ടികളെയും യുവാക്കളെയും തിരുത്തൽ നടപടികളിലൂടെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തിയുടെ നേതൃത്വത്തിൽ 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' എന്ന പേരിൽ സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച സംസ്ഥാനതല ആശയ രൂപീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
ലഹരിക്കെതിരേ നിലവിൽ പ്രയോഗത്തിലുള്ള എൻ.ഡി.പി.എസ്. ആക്ട് കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെടുകയാണ്. ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് നിവേദനവും നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. നിയമത്തിലൂടെയോ നിരോധനം വഴിയോ ലഹരി ഇല്ലാതാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള നിയമത്തിൽ ലഹരിമാഫിയയെ തകർക്കാൻ കഴിയും വിധമുള്ള ശിക്ഷാനടപടികൾ ഉൾപ്പെടുത്തുന്ന ചട്ടങ്ങൾ കൊണ്ടുവരാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്.
90 ദിന ലഹരി വിരുദ്ധ തീവ്രയജ്ഞ പരിപാടി രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനമായ ജനുവരി 30ന് അവസാനിക്കുമെങ്കിലും തുടർ പ്രവർത്തനങ്ങൾ ഊർജിതമായി സംഘടിപ്പിക്കും. ഇതിന് സമൂഹത്തിന്റെയാകെ പിന്തുണ ആർജ്ജിക്കേണ്ടതുണ്ട്. വിമുക്തി മിഷൻ കൂടുതൽ ജനകീയമാക്കാനും സമൂഹത്തിന്റെ സമസ്തമേഖലയിലും ലഹരിവിരുദ്ധസന്ദേശം എത്തിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ലഹരി വിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്നും മന്ത്റി പറഞ്ഞു.