ismail

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം നടത്തിയ പോക്‌സോ കേസ് പ്രതി വർക്കല താഴെ വെട്ടൂർ പ്ലാവിള വീട്ടിൽ ഇസ്മയിൽ (പാമ്പ് ഇസ്മയിൽ, 30) പിടിയിൽ.

കഴിഞ്ഞ 29ന് അച്ഛന് മരുന്ന് വാങ്ങാനായി മെഡിക്കൽ കോളേജിലെ കാരുണ്യ മെഡിക്കൽ സ്റ്റോറിലെത്തിയ യുവതിയുടെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പഴ്‌സ് എന്നിവ മോഷ്ടിച്ച കേസിലാണ് ഇസ്മയിൽ പിടിയിലായത്.

2013ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണിയാൾ. വ്യാജസ്വർണം പണയം വച്ച് പണം തട്ടിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന്, അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ശേഷം മെഡിക്കൽ കോളേജ് ഭാഗത്ത് കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു. മെഡിക്കൽ കോളേജിൽ കിട്ടുന്ന സൗജന്യ ആഹാരം കഴിച്ചശേഷം ആശുപത്രി പരിസരത്ത് കിടന്നുറങ്ങുകയാണ് പതിവ്. മെഡിക്കൽ കോളേജ് പരിസരത്തെ കടയിൽ വില്പന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.