തിരുവനന്തപുരം: എ.കെ 47 പിടിച്ചുകൊണ്ട് ജനാധിപത്യത്തെ തകർക്കാൻ നോക്കുന്ന മാവോയിസ്റ്റുകൾക്ക് വേണ്ടിയാണ് കോൺഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസാരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. യു.എ.പി.എ എന്ന കരിനിയമം കൊണ്ടുവരാൻ കോൺഗ്രസ് വഹിച്ച പങ്ക് ചുരുക്കിക്കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സംവാദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ കാലത്ത് ചുമത്തിയ യു.എ.പി.എ കേസുകൾ ഈ സർക്കാരിന്റെ കാലത്ത് ഒഴിവാക്കിക്കൊടുത്തു. യു.എ.പി.എയെ കുറിച്ച് വാചകമടിക്കുന്ന ചെന്നിത്തലയും കോൺഗ്രസും ബി.ജെ.പിക്കൊപ്പം ചേർന്ന് ഈ കരിനിയമം പാസാക്കുകയാണ് ചെയ്തത്. സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശത്തെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് യു.എ.പി.എയിൽ പരിഷ്‌കാരങ്ങൾ ഉണ്ടാക്കിയത്. നൂറ് കണക്കിന് സി.പി.എം പ്രവർത്തകരെ ഇതുപോലുള്ള കരിനിയമങ്ങൾ അനുസരിച്ച് കോൺഗ്രസ് ജയിലിലടച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ കരിനിയമങ്ങൾ പാസാക്കിയെടുക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചതും കോൺഗ്രസാണ്. പൊലീസ് രണ്ട് ചെറുപ്പക്കാർക്കെതിരെ യു.എ.പി.എ ചുമത്തിയപ്പോൾ അത് നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്- അദ്ദേഹം പറഞ്ഞു. കെ.എം.സി.എസ്.യു യൂണിറ്റ് പ്രസിഡന്റ് ബി.ബോബൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി.വിജയകുമാർ, സെക്രട്ടേറിയറ്റംഗം എസ്.എസ്.മിനു, ആർ.സി.രാജേഷ്, ഒ.ബിജി, കെയരാജൻ, എം.മനോജ് തുടങ്ങിയവർ സംസാരിച്ചു.