local-news-

തിരുവനന്തപുരം : അശാസ്ത്രീയമായി നിർമ്മിച്ച നാലുവരിപ്പാത പേരൂർക്കട വഴിയുള്ള വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ അമ്പലമുക്ക് മുതൽ വഴയില വരെയുള്ള ഭാഗത്ത് വാഹനയാത്രക്കാർ പാടുപെടുകയാണ്. അടുത്തടുത്ത വളവുകളും വീതി കുറവും വാഹനങ്ങളുടെ ആധിക്യവും ഇതുവഴി പോകുന്ന യാത്രക്കാർക്ക് പരീക്ഷണമാകുന്നു. രാവിലെയും വൈകിട്ടും നെടുമങ്ങാട് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ വഴയില മുതൽ അമ്പലമുക്ക് വരെ ഇഴഞ്ഞാണ് നീങ്ങുന്നത്. പേരൂർക്കടയിലെ 'നാലുവരി പത്മവ്യൂഹം" കടക്കാൻ യാത്രക്കാർക്ക് യാതൊരു മാർഗങ്ങളുമില്ല. പേരൂർക്കട ജംഗ്‌ഷനിൽ വളഞ്ഞും പുളഞ്ഞും നിർമ്മിച്ച റോഡിൽ അടുത്തടുത്തായി രണ്ടു ട്രാഫിക് സിഗ്നൽ ലൈറ്റുകളുണ്ട്. ഇവ കടക്കണമെങ്കിലും ഏറെ നേരം കാത്തുകിടക്കണം. ഇതിനിടെ ചില ഇരുചക്രവാഹനങ്ങൾ സിഗ്നൽ തെറ്റിച്ചും എതിർവശത്തുള്ള ട്രാക്കിൽ കയറിയും കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. ഇതോടെ ആ ഭാഗത്തും കുരുക്കാകും. ഈ റോഡിന്റെ ഇരുവശത്തും തിരക്കേറിയ സമയങ്ങളിൽ പോലും നിരവധി വാഹനങ്ങൾ പാ‍ർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. രാവിലെ സർക്കാർ ഓഫീസിലേക്ക് പോകുന്നവരുടെയും, സ്‌കൂൾ, കോളേജ് വാഹനങ്ങളും ഇവിടെ ഏറെനേരം കുരുങ്ങാറുണ്ട്. പേരൂർക്കട ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന വാഹനങ്ങളും കുരുക്കിൽപ്പെടാറുണ്ട്. റോഡ് വീതികൂട്ടാൻ സ്ഥലം ലഭിക്കാത്ത ഇവിടെ ഫ്ളൈഓവറിനായി കാത്തിരിക്കുകയാണ് യാത്രക്കാർ.

വില്ലനായത് സ്ഥലമെടുപ്പ്

വളവുകൾ നിവർത്തുന്നതിനായി റോഡിന് ഇരുഭാഗത്തു നിന്നും ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ കവടിയാർ - വഴയില റോഡ് നാലുവരിയാക്കിയതാണ് പ്രശ്നമായത്. സ്വകാര്യ വ്യക്തികളിൽ നിന്നും വേണ്ടത്ര സ്ഥലവും ഏറ്റെടുത്തില്ല. പഴയ രണ്ടു വരി അതേപടി നാലുവരിയാക്കി. അതിനാൽ പഴയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു.

മേല്പാലം അത്യാവശ്യം

റോഡ് നിർമ്മാണത്തിന്റെ പോരായ്‌മ പരിഹരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പേരൂർക്കട ജംഗ്‌ഷനിലും അമ്പലമുക്കിലും മേല്പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് അതിനുള്ള പദ്ധതി തയ്യാറായതായി പറഞ്ഞിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ല.