തിരുവനന്തപുരം:സംസ്ഥാനത്ത് പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്ന 1548 കോടി രൂപ ചെലവുള്ള കെ - ഫോൺ ( കേരള ഫൈബർ ഓപ്‌റ്റിക് നെറ്റ്‌വർക്ക് ) പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. സൗജന്യത്തിന് അർഹരല്ലാത്തവർക്ക് അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. കേരളത്തിൽ ഇന്റർനെറ്റ് സേവനം വ്യാപകമാക്കുന്ന സ്വപ്‌ന പദ്ധതിക്ക് ഭരണാനുമതി നൽകാൻ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ സംസ്ഥാനം ന്യൂജനറേഷൻ സാങ്കേതിക സൗകര്യങ്ങളിൽ പുതിയ കുതിപ്പിന് തുടക്കമിട്ടു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഹൈസ്‌പീഡ് ഇന്റർനെറ്റ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന വൈദ്യുതി ബോർഡിന്റെയും കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കെ - ഫോൺ. ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് അതുവഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നതാണ് പദ്ധതി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ ടെൻഡർ.
സവിശേഷതകൾ
സർക്കാരിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസികൾക്ക് സേവനങ്ങൾ ജനങ്ങളിലെത്തിക്കാം.
കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്താം.
ഐ.ടി, വിദ്യാഭ്യാസ മേഖലകളിൽ ഗുണപരമായ മാറ്റങ്ങൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, സ്റ്റാർട്ട് അപ്പ് മേഖലകളിൽ വിപുലമായ വികസന സാദ്ധ്യത
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കാം
ഇ- ഹെൽത്ത് പോലുള്ള പദ്ധതികൾ കാര്യക്ഷമാകും
ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ഹൈസ്പീഡ് കണക്ടിവിറ്റി
ചെറുകിട സംരംഭങ്ങൾക്ക് ഇ- കൊമേഴ്സ് വഴി ഉത്പന്നങ്ങൾ വിൽക്കാം. ഇത് ഗ്രാമീണ മേഖലയിൽ വിപ്ളവകരമായ മാറ്റം ഉണ്ടാക്കും.
മൊബൈൽ ടവറുകളിൽ 20 ശതമാനമേ ഫൈബർ നെറ്റ്‌വർക്ക് വഴി നിലവിൽ ബന്ധിപ്പിച്ചിട്ടുള്ളൂ. കെ- ഫോൺ പൂർത്തിയാകുന്നതോടെ എല്ലാ മൊബൈൽ ടവറുകളും ഫൈബർ ശൃംഖലയിലാകും. ഇതുവഴി ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളുടെ ഗുണമേന്മ വർദ്ധിക്കും.
കെ ഫോൺ
ലക്ഷ്യം: എല്ലാവർക്കും ഇന്റർനെറ്റ്
ചെലവ്: 1548 കോടി
പണം: കിഫ്ബി ധനസഹായം
പൂർത്തീകരണം: 2020 അവസാനം
സേവനം:
20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്
മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ സേവനം
30,000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ