തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഡിസംബർ ആറിന് തിരുവനന്തപുരത്ത് കൊടിയുയരും. നിശാഗന്ധി ആഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിക്കുന്ന മേള 13 വരെയാണ്. നടി ശാരദയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.
അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിക്കുക. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കാമറയെ സമരായുധമാക്കിയ സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. നടി ശാരദയുടെ റെട്രോസ്‌പെക്ടീവും ഉണ്ടാവും.
ഇന്ത്യൻ പരീക്ഷണ സിനിമകളുടെയും വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെയും പാക്കേജ്, മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയുടെ ഭാഗമായിരിക്കും. വിവിധ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലാണ് പ്രദർശനം.
പൊതുവിഭാഗത്തിന് ആയിരം രൂപയാണ് പ്രതിനിധി ഫീസ്. നവംബർ 25-നു ശേഷം രജിസ്റ്റർ ചെയ്യുന്നവർ 1500 രൂപ നൽകണം. വിദ്യാർത്ഥികൾക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. ചലച്ചിത്ര അക്കാഡമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം മേഖലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിലും ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ സൗകര്യമുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 10 ന് ആരംഭിക്കും. ആദ്യ രണ്ടു ദിവസം വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും രജിസ്‌ട്രേഷൻ.