തിരുവനന്തപുരം: കരമന കൂടത്തിൽ വീട്ടിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം മുറുകവേ, ജയമാധവന്റെ മരണകാരണം സംബന്ധിച്ച മൊഴി കളവെന്നു സൂചിപ്പിക്കുന്ന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. ജയമാധവൻ നായർ തലയിടിച്ച് വീണതായി പറയപ്പെടുന്ന കട്ടിളപ്പടിയിൽ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ രക്തക്കറയില്ലെന്ന് സ്ഥിരീകരിച്ചു. കട്ടിലിലും മുറിയുടെ തറയിലും നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും ജയമാധവൻനായരുടെ ആന്തരാവയവ രാസപരിശോധനാ ഫലവും ഉടൻ പുറത്തുവരും.
2017 ഏപ്രിൽ രണ്ടിന് ജയമാധവൻ നായരെ കൂടത്തിൽ തറവാട്ടിലെ ഹാളിനുള്ളിൽ കട്ടിളപ്പടിക്കു സമീപം അബോധാവസ്ഥയിൽ കണ്ടെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജയമാധവൻ നായർ മരിച്ചു. കട്ടിളയിൽ തലയിടിച്ചതാണെന്നാണ് അന്നു പറഞ്ഞത്. രണ്ടു വർഷം മുമ്പുണ്ടായ സംഭവത്തിൽ ശാസ്ത്രീയ പരിശോധനകളോ തെളിവെടുപ്പുകളോ നടത്താതിരുന്നതും സാഹചര്യ തെളിവുകൾ പരിശോധിക്കാതിരുന്നതും ഇപ്പോഴത്തെ അന്വേഷണത്തിൽ വെല്ലുവിളിയുയർത്തുന്നു.
ജയമാധവൻ നായരുടെ തലയിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് പ്രഹരിച്ചതു പോലുള്ള മുറിവുണ്ടായിട്ടുണ്ട്. പട്ടികക്കഷണം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചാലുണ്ടാകാവുന്ന പരിക്കുകളോട് ജയമാധവൻ നായരുടെ തലയിലെ മുറിവുകൾക്ക് സാമ്യമുണ്ടെന്ന് പോസ്റ്റുമോർട്ടം നിർവഹിച്ച ഡോക്ടറും ഫോറൻസിക് വിദഗ്ദ്ധരും അഭിപ്രായപ്പെട്ടത് കണക്കിലെടുത്ത് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവശത്തു നിന്ന് രക്തക്കറ പുരണ്ടതെന്നു കരുതുന്ന പട്ടികക്കഷണം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പട്ടികക്കഷണത്തിലേത് രക്തക്കറ തന്നെയെന്ന് സ്ഥിരീകരിച്ചെങ്കിലും ഇത് ജയമാധവന്റേതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരിശോധനകൾ തുടരുകയാണ്.
ജയമാധവൻ നായർ കിടന്ന കട്ടിലിന്റെ പടിയിൽ നിന്നും മുറിയുടെ തറയിൽ നിന്നും രക്തത്തിന്റെ സാമ്പിളുകൾ കണ്ടെത്താൻ പ്രതലത്തിൽ നിന്നുള്ള പൊടിപടലങ്ങൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ഫലം ലഭിച്ചതിനു ശേഷം കാര്യസ്ഥൻ, വീട്ടുജോലിക്കാരി, സഹായി സഹദേവൻ, ഒരു പ്രാദേശിക പാർട്ടി നേതാവ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.