തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മിഷൻ നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. അതിനാണ് 2007-ലെ കേരള കർഷക കടാശ്വാസ നിയമത്തിൽ അഞ്ചാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് ഭേദഗതിചെയ്യുന്നത്. 2019ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ (ഭേദഗതി) ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കൃഷി മുഖ്യ ഉപജീവനമാർഗമായിട്ടുള്ള കർഷകൻ എടുത്തിട്ടുള്ള ഏതു വായ്പയും കാർഷിക വായ്പയുടെ പരിധിയിൽ പെടും. നിലവിൽ സഹകരണ ബാങ്കുകളിലെ വായ്പ രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ടെന്ന് മന്ത്റി സുനിൽകുമാർ പറഞ്ഞു. മറ്റ് ബാങ്കുകളും കടാശ്വാസ കമ്മിഷന്റെ പരിധിയിലേക്ക് വരാൻ തയ്യാറാണ്. അത് പരിശോധിക്കുന്നതിന് കൃഷി, പൊതുഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ ബാങ്കുകൾ 80,000 കോടിയുടെ കാർഷിക വായ്പ നൽകി.10 സെന്റിന്റെ രേഖ കൊടുത്ത് മൂന്ന് ലക്ഷം രൂപ കാർഷിക വായ്പ എടുക്കുന്നതിനെ അംഗീകരിക്കാനാവില്ല. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ കൃഷി ചെയ്യാത്തവർക്കാണ് വായ്പ കൂടുതലും ലഭിച്ചത്. കിസാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്ക് 3.50 ലക്ഷം വരെയായി വായ്പ ഉയർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.