. ഇന്ത്യ-ബംഗ്ളാദേശ് രണ്ടാം ട്വന്റി 20 ഇന്ന്
രാജ്കോട്ടിൽ
.ഡൽഹിയിലെ തോൽവിക്ക് പകരം ചോദിക്കാൻ ഇന്ത്യ
. ഇന്നും ജയിച്ച് പരമ്പര നേടാൻ ബംഗ്ളാദേശ്
. രാജ്കോട്ടിലെ മത്സരത്തിന് മഴ ഭീഷണി
ടിവി ലൈവ്: രാത്രി 7 മുതൽ
സ്റ്റാർ സ്പോർട്സിൽ
രാജ്കോട്ട് : ഡൽഹിയിൽ പുകയായിരുന്നുവെങ്കിൽ രാജ്കോട്ടിൽ മഴയാണ് കളിക്ക് എതിരാളിയായി നിൽക്കുന്നത്. ഡൽഹിയിലെ മങ്ങിയ അന്തരീക്ഷത്തിൽ പിടിവിട്ട് വീണുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ന് രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ട്വന്റി 20യിൽ ബംഗ്ളാദേശിനെതിരെ വിജയം നേടിയേ മതിയാകൂ. മറുവശത്ത് ഇന്ത്യയ്ക്കെതിരെ ട്വന്റി 20യിലെ ആദ്യവിജയം എന്ന ചരിത്രം കുറിച്ച ബംഗ്ളാദേശിന് ഇനിയൊരു വിജയംകൂടി നേടാനായാൽ പരമ്പര വിജയമെന്ന മറ്റൊരു ചരിത്രം കൂടി കുറിക്കാം. രാജ്കോട്ടിൽ ഇന്ന് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോർട്ടുകൾക്ക് നടുവിൽ ഇന്ത്യയും ബംഗ്ളാദേശും ശുഭ പ്രതീക്ഷകളുമായി ഇറങ്ങുകയാണ്. എന്നാൽ ഇൗ മത്സരം ഇരുടീമുകളുടെയും ആരാധകർക്ക് മുന്നിൽ നിരവധി ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
? തിരിച്ചടിയുണ്ടാകുമോ
ഇന്ത്യയോട് കളിച്ച എട്ട് ട്വന്റി 20 മത്സരങ്ങളിലും തോറ്റ അനുഭവവുമായാണ് ബംഗ്ളാദേശ് ഡൽഹിയിൽ വിമാനമിറങ്ങിയത്. എന്നാൽ രാജ്കോട്ടിലേക്ക് എത്തുമ്പോൾ ഇന്ത്യ ബംഗ്ളാദേശിന് മുന്നിൽ തോറ്റുപോയ ടീമായിരിക്കുന്നു. സ്ഥിരം നായകൻ വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഡൽഹിയിലെ തോൽവി. അതിന്പകരം ചോദിക്കാൻ രോഹിതും യുവസംഘവും തയ്യാറാണ്.
ഡൽഹിയിൽ ആദ്യ ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയത്. ചേസിംഗ് ഇൗസിയായ മഞ്ഞുകാലാവസ്ഥയിൽ സ്കോർ ബോർഡിൽ ആവശ്യത്തിന് റൺസ് ഉയർത്താൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞിരുന്നില്ല.
? പിഴവുകൾ തിരുത്തുമോ?
ആദ്യ വിജയത്തിന്റെ ലഹരിയിൽ നിൽക്കുന്ന ബംഗ്ളാദേശിനെ കീഴടക്കണമെങ്കിൽ ഡൽഹിയിലെ പിഴവുകൾ എത്രയും വേഗം തിരുത്തിയാലേ മതിയാകൂ. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും വിക്കറ്റ്കീപ്പിംഗിലും ഇന്ത്യ വലിയ പിഴവുകളാണ് ഡൽഹിയിൽ വരുത്തിയത്.
ശിഖർ ധവാൻ, ഋഷഭ്പന്ത് എന്നിവരുടെ ബാറ്റിംഗ് ഫോമാണ് ഏറ്റവും വലിയ പ്രശ്നം. ഡൽഹിയിൽ ടോപ് സ്കോററായ ധവാൻ 41 പന്തുകളിൽ നിന്നാണ് 41 റൺസെടുത്തത്. ലോകകപ്പിലെ പരിക്കിൽനിന്ന് മോചിതനായശേഷം പഴയ ഫോമിലെത്താൻ ധവാന് കഴിഞ്ഞിട്ടേയില്ല. വിജയ് ഹസാരേ ട്രോഫിയിൽ ഏഴ് ഇന്നിംഗ്സുകൾ കളിച്ചിട്ടും നേടിയത് ഒരേയൊരു അർദ്ധ സെഞ്ച്വറി മാത്രമാണ് ടീമിലെ സ്ഥാനം തന്നെ സമ്മർദ്ദത്തിലായ ഋഷഭ് പന്ത് വിക്കറ്റ് കീപ്പിംഗിൽ മാത്രമല്ല ബാറ്റിംഗിലും സമ്മർദ്ദത്തിലാണ്. പതിവ് വമ്പനടികൾക്ക് മുതിരാനുള്ള ധൈര്യം ഇപ്പോൾ പന്തിനില്ല. എങ്ങനെയെങ്കിലും ക്രീസിൽ പിടിച്ചുനിൽക്കുകയാണ് യുവതാരത്തിന്റെ ലക്ഷ്യം. ഡി.ആർ.എസ് അപ്പീൽ നൽകുന്നതിൽ ധോണിയുടെ കൃത്യതയും പന്തിനില്ല. രോഹിത്, ശ്രേയസ് അയ്യർ തുടങ്ങിയവരും ബാറ്റിംഗിൽ മികവ് കാട്ടേണ്ടതുണ്ട്.
ബൗളിംഗിൽ ഖലീൽ അഹമ്മദ്, ദീപക് ചഹർ, യുസ്‌വേന്ദ്ര ചഹൽ, ക്രുനാൽ പാണ്ഡ്യ, ശിവം ദുബെ തുടങ്ങിയവരുണ്ടെങ്കിലും പരിചയ സമ്പത്തില്ലായ്മയാണ് പ്രശ്നം. ആൾ റൗണ്ടറായ ശിവം ദുബെ അരങ്ങേറ്റ മത്സരത്തിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നിരുന്നില്ല.
സഞ്ജുവിനെ കളിപ്പിക്കുമോ?
ഇന്നത്തെ മത്സരത്തിൽ മലയാളി ആരാധകർ കാത്തിരിക്കുന്നത് സഞ്ജു സാംസണിന് അവസരം നൽകുമോ എന്നറിയാനാണ്. ഡൽഹിയിൽ സഞ്ജുവിനെ ഇറക്കിയിരുന്നില്ല. പകരം ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിവരിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. ഇരുവർക്കും ടീമിന്റെ പ്രകടനത്തിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞിരുന്നില്ല. ഇൗ സാഹചര്യത്തിൽ ഇവരിൽ ആരെയെങ്കിലും മാറ്റി സഞ്ജുവിന് അവസരം നൽകിയേക്കാം.
കാലാവസ്ഥ
മഹാചുഴലിക്കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ് രാജ്കോട്ട്. ഇന്ന് ഉച്ചയോടെ മഹാ കൊടുങ്കാറ്റ് സൗരാഷ്ട്രയ്ക്കടുത്തെത്തും എന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ. വൈകുന്നേരത്ത് ഇടിമിന്നലോടുകൂടിയ മഴയും പ്രവചിച്ചിട്ടുണ്ട്.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ/സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, ദീപക് ചഹർ, ഖലീൽ അഹമ്മദ്/ശാർദ്ദൂൽ താക്കൂർ.
ബംഗ്ളാദേശ്
ലിട്ടൺദാസ്, സൗമ്യ സർക്കാർ, മൊഹമ്മദ് നയീം, മുഷ്‌ഫിഖുർ റഹിം, മഹ്‌മൂദുള്ള (ക്യാപ്ടൻ), മൊസാദെക്ക് ഹൊസൈൻ, അഫിഫ് ഹൊസൈൻ, അമിനുൽ ഇസ്ളാം, മുസ്‌താഫിസുർ, റഹിം, അൽ അമിൻ ഹൊസൈൻ, ഷഫിയുൽ ഇസ്ളാം.
100
ഇന്ത്യയ്ക്കുവേണ്ടി 100 അന്താരാഷ്ട്ര ട്വന്റി 20 കൾ കളിക്കുന്ന ആദ്യതാരമാകാനൊരുങ്ങുകയാണ് രോഹിത് ശർമ്മ.
പിച്ചിന്റെ സ്വഭാവമനുസരിച്ചാണ് കഴിഞ്ഞ മത്സരത്തിൽ ഗെയിം പ്ളാൻ ഉണ്ടാക്കിയത്. രാജ്കോട്ടിൽ സമീപനത്തിൽ മാറ്റമുണ്ടാകും. ഡൽഹിയിലേതിനെക്കാൾ മികച്ച സ്കോർ ഉയർത്തിയാലേ ഇവിടെ വിജയിക്കാനാകൂ.
രോഹിത് ശർമ്മ
ഇന്ത്യൻ ക്യാപ്ടൻ
ഇൗ പരമ്പരയിൽ ഞങ്ങൾക്കൊന്നും നഷ്ടമാകാൻ ഇല്ല. അതുകൊണ്ടുതന്നെ സമ്മർദ്ദവും ഇല്ല. കിട്ടുന്നതെല്ലാം ലാഭം. ഡൽഹിയിൽ ഇതേരീതിയിലാണ് കളിക്കാനിറങ്ങിയത്. ഇനിയും അങ്ങനെതന്നെ.
മഹ്‌മൂദുള്ള, ബംഗ്ളാദേശ്
ക്യാപ്ടൻ