tennis

പാകിസ്ഥാനിൽ പോകാൻ വിസമ്മതിച്ച മഹേഷ് ഭൂപതിയെ ഡേവിസ് കപ്പ് ടീം ക്യാപ്ടൻസിയിൽ നിന്ന് മാറ്റിയെന്ന് ടെന്നിസ് അസോസിയേഷൻ

തന്നെ മാറ്റിയത് അംഗീകരിക്കില്ലെന്ന് ഭൂപതി. മത്സരം പാകിസ്ഥാനിൽനിന്ന് മാറ്റിയതിനാൽ ക്യാപ്ടനായി തുടരുമെന്നും ഭൂപതി.

ന്യൂഡൽഹി : പാകിസ്ഥാനുമായുള്ള ഡേവിസ് കപ്പ് ഏഷ്യ/ഒാഷ്യാനിയ ഗ്രൂപ്പ് മത്സരം ഇന്ത്യൻ ടെന്നിസിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. മത്സരവേദി പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി തുടങ്ങിയ പ്രശ്നം ഇപ്പോൾ ഇന്ത്യൻ ക്യാപ്ടൻസ്ഥാനത്തുനിന്ന് മഹേഷ് ഭൂപതിയെ മാറ്റുന്നതിൽവരെ എത്തിനിൽക്കുകയാണ്. അതിനിടെ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷൻ മത്സരവേദി പാകിസ്ഥാനിൽനിന്ന് മാറ്റാനും ഇരുരാജ്യങ്ങൾക്കും സമ്മതമായ പൊതുവേദി അഞ്ചുദിവസത്തിനുള്ളിൽ കണ്ടെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ സുരക്ഷാഭീഷണിയുള്ള പാകിസ്ഥാനിൽ കളിക്കാൻ പോകാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചു. ഇതോടെ മത്സരം ഇൗമാസം 29,​30 തീയതികളിലേക്ക് മാറ്റിവച്ചു. ക്യാപ്ടൻ മഹേഷ് ഭൂപതിയുടെയും സീനിയർ താരം രോഹൻ ബൊപ്പണ്ണയുടെയും നേതൃത്വത്തിലായിരുന്നു താരങ്ങളുടെ പ്രതിഷേധം. ഇതോടെ കഴിഞ്ഞദിവസം ക്യാപ്ടൻ സ്ഥാനത്തുനിന്ന് മഹേഷ് ഭൂപതിയെ മാറ്റി മറ്റൊരു മുൻതാരം രോഹിത് രാജ്‌പാലിനെ നോൺ പ്ളേയിംഗ് ക്യാപ്ടനായി നിശ്ചയിച്ചതായി ആൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ അറിയിച്ചു. അതിനുപിന്നാലെയാണ് സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷൻ ഇസ്ളാമബാദിൽനിന്ന് പൊതുവേദിയിലേക്ക് മത്സരം മാറ്റാൻ നിർദ്ദേശം നൽകിയത്.

ഇതോടെ പ്രശ്നം തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി. പാകിസ്ഥാനിൽനിന്ന് മത്സരവേദി മാറ്റിയതിനാൽ തന്നെ ക്യാപ്ടൻ സിയിൽനിന്ന് മാറ്റിയത് അംഗീകരിക്കില്ലെന്ന നിലപാടുമായി മഹേഷ് ഭൂപതി രംഗത്തെത്തി. ഭൂപതിക്ക് പിന്തുണ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണയും മറ്റു കളിക്കാരുമുണ്ട്. എന്നാൽ വേദി മാറ്റത്തിനായി തങ്ങളോട് കർക്കശ നിലപാട് സ്വീകരിച്ച ഭൂപതിയെ ഇനി ക്യാപ്ടനായി വേണ്ടെന്ന നിലപാടിലാണ് ടെന്നിസ് അസോസിയേഷൻ.