ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ ഹെമറ്റോളജി ഒ.പി ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. എസ്.എ.ടി ആശുപത്രിയിൽ നിന്ന് ഹൈ റിസ്‌ക് രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് പുതിയ ഒ.പി ആരംഭിച്ചത്. ഗൈനക്കോളജി - ഹെമറ്റോളജി വിഭാഗങ്ങളുടെ സംയുക്തമായ മേൽനോട്ടത്തിലാണ് പ്രവർത്തനം. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 1 വരെയാണ് പുതിയ ഒ.പി പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ. ശ്രീനാഥിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരും ഒ.പിയിലുണ്ടാകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ ശ്രീനാഥ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിർമ്മല തുടങ്ങിയവർ പുതിയ ഒ.പിയുടെ പ്രവർത്തനത്തിൽ പങ്കാളികളായി.