kpcc-list

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയുമായി നാളെ വൈകിട്ട് ഡൽഹിയിലേക്ക് പോകാൻ നേതാക്കൾക്കിടയിൽ ധാരണയായതായി സൂചന. രണ്ടുദിവസം കൊണ്ട് ചർച്ചകൾ പൂർത്തിയാക്കി പട്ടികയ്ക്ക് അന്തിമരൂപം നൽകാനുള്ള തിരക്കിട്ട ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

പുനഃസംഘടനയ്ക്ക് തടസ്സങ്ങൾ നേരിട്ട സാഹചര്യത്തിൽ ഗ്രൂപ്പുകളുടെ താൽപര്യത്തിന് വഴങ്ങി തന്നെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കരട് പട്ടികയിൽ ഗ്രൂപ്പുകൾ നൽകിയ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളും പരമാവധി പേരുകൾ നിർേദ്ദശിച്ചതോടെ സെക്രട്ടറിമാർ ഉൾപ്പെടെ ഭാരവാഹികളുടെ എണ്ണം നൂറോളം എത്തിയിട്ടുണ്ട്. ഭാരവാഹിത്വത്തിൽ നിന്ന് എം.പി, എം.എൽ.എമാരെ മാറ്റിനിറുത്തണമെന്ന ആവശ്യം പരിഗണിക്കാനിടയില്ല.

വർക്കിംഗ് പ്രസിഡന്റ് പദവി നിലനിറുത്തുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം അന്തിമതീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നിലനിറുത്തിയാലും ഇല്ലെങ്കിലും കെ.പി.സി.സിക്ക് വൈസ് പ്രസിഡന്റുമാർ ഉണ്ടാകും. വൈസ്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് പേരുകളാണ് കരട് പട്ടികയിൽ നിർദ്ദേശിച്ചിരിക്കുന്നത്. കെ.ബാബു, അടൂർ പ്രകാശ്, കെ.സി. റോസക്കുട്ടി, എ.പി അനിൽകുമാർ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചിട്ടുള്ളത്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് വി.ഡി. സതീശന്റേയും തമ്പാനൂർ രവിയുടേയും പേരുകൾ പരിഗണനയിലുണ്ട്. ജനറൽ സെക്രട്ടറി പദവിയിൽ മുപ്പതോളം പേരുകൾ ഉണ്ടാകും. പുറമെ 60 ഓളം സെക്രട്ടറിമാരും പട്ടികയിൽ ഉണ്ടാകും.
നിലവിലുള്ള ജനപ്രതിനിധികൾ ആരെയും കെ.പി.സി.സി ഭാരവഹിത്വത്തിലേക്ക് എ ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടില്ല. എന്നാൽ മുൻ ജനപ്രതിനിധികളുടെ പേര് മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിലെ കെ.പി.സി.സി സെക്രട്ടറിമാരിൽ മൂന്ന് പേർക്ക് ജനറൽ സെക്രട്ടറിമാരായി അവർ സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്.
ഇതിൽ നിന്ന് വ്യത്യസ്തമായി, വൈസ്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉൾപ്പെടെ നിലവിലെ ചില ജനപ്രതിനിധികളുടെ പേര് ഐ പക്ഷം നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സെക്രട്ടറിമാരിൽ ആർക്കും സ്ഥാനക്കയറ്റം നൽകാൻ തയ്യാറായിട്ടുമില്ല. യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ ചിലരെയും മുൻ ഭാരവാഹികളിൽ ചിലരെയും ഇരുഗ്രൂപ്പുകളും സെക്രട്ടറി പദവിയിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും ഗ്രൂപ്പിൽ ഇപ്പോൾ സജീവമല്ലാത്ത ചിലരും പട്ടികയിൽ ഇടംകണ്ടിട്ടുണ്ട്.
പുന:സംഘടന സംബന്ധിച്ച് കഴിഞ്ഞദിവസം മുതിർന്ന നേതാക്കൾ മണിക്കൂറുകളോളം നടത്തിയ ചർച്ചയുടെ തുടർച്ചയായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെയും പാർട്ടിയിലെ പ്രമുഖ നേതാക്കളുമായി ആശയവിനിമയം നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനുമായി അദ്ദേഹം നടത്തിയ ചർച്ച മണിക്കൂറിലേറെ നീണ്ടു. പട്ടിക ഗ്രൂപ്പ് പങ്കിടൽ ആകാതെ മെറിറ്റിന് മുൻഗണന നൽകണമെന്ന് സുധീരൻ അറിയിച്ചതായാണ് സൂചന.