police

തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവിൽ ചൊവ്വാഴ്ച രാത്രിയും ഒരു വീടിന് നേരെ ആക്രമണമുണ്ടായി. സി.പി.എം അനുഭാവിയായ മണികണ്‌ഠേശ്വരം ചെറുപാലോട് ശരണ്യ ഭവനിൽ ശശിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം ഇരുവിഭാഗത്തിലെയും നേതാക്കളുടെ വീട്ടിന് നേരെ ആക്രണമുണ്ടായതിനെ തുടർന്ന് കർശന പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാത്രി 12 ഓടെയാണ് ശശിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. മുറ്റത്തു വച്ചിരുന്ന മകന്റെ ബൈക്കിന്റെ സീറ്റും നശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി ബി.ജെ.പി നെട്ടയം ഏരിയ പ്രസിഡന്റ് സുനിൽകുമാറിന്റെ വീട് സി.പി.എം പ്രവർത്തകർ തകർത്തിരുന്നു. ഇതിനെ തുടർന്ന് സി.പി.എം പാളയം ഏരിയ സെക്രട്ടറി പ്രസന്നകുമാറിന്റെ വീടിനു നേരെയും കല്ലേറ് നടന്നിരുന്നു.
തുടർച്ചയായി മൂന്ന് ദിവസം അക്രമങ്ങൾ അരങ്ങേറിയിട്ടും കേസിലെ ഒരു പ്രതിയെപ്പോലും പിടിക്കാൻ പൊലീസിനായിട്ടില്ല. ആദ്യ ദിവസത്തെ അക്രമങ്ങളെല്ലാം പൊലീസിന് മുന്നിലാണ് അരങ്ങേറിയത്. ആദ്യ ദിവസം സംഭവ സ്ഥലത്തു നിന്ന് രണ്ട് ബി.ജെ.പി പ്രവർത്തകരെ മാത്രമാണ് പിടികൂടിയത്. സംഭവത്തിൽ ഒറ്റ സി.പി.എമ്മുകാരെ പോലും പൊലസ് പിടികൂടിയിട്ടില്ല. ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാത്രി നടന്ന പല അക്രമങ്ങളുടെയും സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിരുന്നതാണ്. എന്നാൽ ഇത് പരിശോധിച്ച് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. പൊലീസിന്റെ ഭാഗത്തു നിന്ന് തുടക്കം മുതലുണ്ടായ അലംഭാവമാണ് സംഭവം ഇത്രയും വഷളാക്കിയതെന്നും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിൽ അതീവസുരക്ഷ പ്രഖ്യാപിക്കുകയും കൂടുതൽ പൊലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊതുയോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നത് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. ഇന്നലെ പകൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് പൊലീസിന്റെ വാദം.