university-college

തിരുവനന്തപുരം: കത്തിക്കുത്ത് കേസിലെ പ്രതി നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ച യൂണിവേഴ്‌സിറ്റി കോളേജ് മുൻ വിദ്യാർത്ഥിക്കും സുഹൃത്തിനും മർദ്ദനം. 2015-18 അദ്ധ്യയനവർഷത്തിൽ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിച്ച തമലം സ്വദേശി അനൂപ്, ആര്യങ്കോട് സ്വദേശി ശ്യാം എന്നിവർക്കാണ് മർദ്ദനമേറ്റത്. സംസ്‌കൃത കോളേജിലെ പാർട്ടിക്കാരുടെ നേതൃത്വത്തിൽ നടത്തിയ മർദ്ദനത്തിൽ കത്തിക്കുത്ത് കേസിൽ ഉൾപ്പെട്ടവരും പങ്കാളികളായി. മർദ്ദനമേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനൂപ് പാർട്ടിക്കാരുടെ ഭീഷണിയിൽ കേസ് വേണ്ടെന്നു വച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്‌നത്തിൽ പരാതിയില്ലെന്നു അറിയിച്ചതിനാൽ മൊഴി രേഖപ്പെടുത്താതെ പൊലീസ് മടങ്ങി.
പഠനം പൂർത്തിയാക്കിയ ഇരുവരും ടി.സി വാങ്ങാനായി ഇന്നലെ കോളേജിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സംസ്‌കൃത കോളേജിലെ വലിയ സംഘം എത്തി ഇരുവരെയും ഇവിടെയുള്ള ഇടികേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തു. നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വന്ന കമന്റുകൾക്ക് ലൈക്ക് ചെയ്തതും നെഗറ്റീവ് കമന്റ് ഇട്ടതും ചോദ്യം ചെയ്തതിന് പിന്നാലെ മർദ്ദനം തുടങ്ങി. പോസ്റ്റിനെതിരെ പ്രതികരിച്ച ശ്യാമിനായിരുന്നു കൂടുതൽ മർദ്ദനം. സംഘം ചേർന്നു മർദ്ദിച്ച് അവശനാക്കിയ ഇരുവരെയും വീണ്ടും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ടാൽ ഇതാകും അനുഭവമെന്ന മട്ടിൽ മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നാലെ അനൂപ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. പിന്നാലെ പ്രശ്‌നം വഷളാകുമെന്നു മനസിലാക്കിയ മർദ്ദക സംഘം ആശുപത്രിയിലെത്തി ഭീഷണി മുഴക്കി. കേസ് കൊടുത്താൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന നിലയിലായിരുന്നു ഭീഷണി. ഇതോടെ തനിക്ക് പരാതിയില്ലെന്നും സുഹൃത്തുക്കൾ തമ്മിലുള്ള വിഷയമാണെന്നും പറഞ്ഞ് ഇയാൾ ഒഴിവായതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു.