തിരുവനന്തപുരം: യു.പി വിഭാഗം സംഘനൃത്തത്തിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവ വേദിയിൽ സംഘർഷം. വിദ്യാർത്ഥികളും അദ്ധ്യാപകരും വേദിയിൽ പ്രതിഷേധവുമായെത്തിയതിനെ തുടർന്ന് രംഗം ശാന്തമാക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു.
ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിലെ ഉപജില്ലാ കലോത്സവ വേദിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിധികർത്താക്കൾ പക്ഷപാതപരമായി പെരുമാറിയെന്നും നന്നായി കളിച്ച തങ്ങൾക്ക് ഒന്നാം സ്ഥാനം നൽകിയില്ലെന്നും ആരോപിച്ച് കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ് വേദിയിൽ കയറിയിരുന്ന് പ്രതിഷേധിച്ചത്. ഫലം പ്രഖ്യാപിച്ചപ്പോൾ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിനായിരുന്നു ഒന്നാം സ്ഥാനം. മത്സരത്തിലെ വിധിനിർണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിധികർത്താക്കൾ കൃത്യമായ ഉത്തരം നൽകിയില്ലെന്നും മാർക്ക് ഷീറ്റിൽ കൃത്യമായല്ല മാർക്ക് രേഖപ്പെടുത്തിയിരുന്നതെന്നും അവർ ആരോപിച്ചു. സംഘർഷാവസ്ഥയായതോടെ പ്രധാനവേദിയിലെ മറ്റു മത്സരങ്ങളെല്ലാം തടസപ്പെട്ടു. തുടർന്ന് പൊലീസ് എത്തി രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തി. കലോത്സവ നടത്തിപ്പ് ചുമതലയുള്ളവർ ഇടപെടാൻ വൈകിയതും പ്രതിഷേധത്തിനിടയാക്കി. വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നതിനാൽ വേദി ഒന്നിൽ നടക്കേണ്ടിയിരുന്ന ഹയർസെക്കൻഡറി വിഭാഗം സംഘനൃത്ത മത്സരം വേദി രണ്ട് അസംബ്ലി ഹാളിലേക്ക് മാറ്റി. ഫലപ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം എ.ഇ.ഒ ആയിരിക്കും പറയുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.