കൊച്ചി: വടുതലയിൽ പന്ത്രണ്ടുവയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ പുറത്തു വരുന്നത് രണ്ടാം പ്രതി വർഷയുടെ ക്രൂരമുഖം. പീഡനത്തിനിരയായ പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കാനാൻ ഒന്നാം പ്രതിയും വടുതല സ്വദേശിയുമായ ലിതിന് (19) ഉപദേശം നൽകിയതും ഫോണിൽ പകർത്താൻ കൂട്ട് നിന്നതും വർഷയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഭാവിയിൽ ലിതിനെ പെൺകുട്ടി വിട്ടു പോവാതിരിക്കാനെന്ന കാരണം പറഞ്ഞാണ് വർഷ ഈ കൊടും ക്രൂരത ചെയ്യിപ്പിച്ചത്.
വർഷയുടെ ഭർത്താവ് ബിബിനും ഇതിന് കൂട്ട് നിന്നു. അതേസമയം, മൂന്ന് തവണയിലധികം പീഡന ദൃശ്യങ്ങൾ പ്രതികൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് മറ്റാർക്കും കൈമാറിയിട്ടില്ലെന്ന് പ്രതികൾ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.നിലവിൽ, മൂവരിൽ നിന്നും പിടിച്ചെടുത്ത ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്.ദൃശ്യങ്ങൾ വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഇത് കൈമാറ്റം ചെയ്തിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ കോടതി റിമാൻഡ് ചെയ്ത വടുതല സ്വദേശികളായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ഇതിനായുള്ള അപേക്ഷ സമർപ്പിക്കുമെന്ന് എറണാകുളം നോർത്ത് സി.ഐ പറഞ്ഞു.
പെൺകുട്ടിയുമായി പ്രണയത്തിലായ ലിതിൻ കഴിഞ്ഞ ജൂൺ മുതൽ ദമ്പതികളുടെ വടുതലയിലെ വസതിയിൽവച്ചാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ ദമ്പതികൾ മൊബൈലിൽ പകർത്തി. പിന്നീട് പെൺകുട്ടിയെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുതവണ നഗ്‌നദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. ഇതോടെ പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു.
ഇവർ നോർത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബിബിന്റെ ചിക്കൻകടയിലെ ജീവനക്കാരനാണ് ലിതിൻ. ദൃശ്യങ്ങൾ പകർത്തുന്ന വിവരം ലിതിനറിയാമായിരുന്നു. കേസിൽ പെൺകുട്ടിയുടെ കാമുകനായ വടുതല സ്വദേശി ലിതിൻ (19) പോക്സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ദമ്പതികളായ ബിബിനും (25) വർഷയും (23) അടുത്തിടെയാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.