gg

നെയ്യാറ്റിൻകര: പ്രായം തളർത്താത്ത കെ.എ. അശോകൻ മാസ്റ്റർ 90 കളിലും സ്റ്റേഡിയം നിറഞ്ഞ് ഓടുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 9,10 തീയതികളിൽ നടക്കുന്ന നാല്പതാമത് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള പരിശീലനത്തിലാണ് നിറമൺകര സ്വദേശിയായ ഇദ്ദേഹം. ഏതാണ്ട് നാന്നൂറിലേറെ സ്ത്രീ-പുരുഷ അത്‌ലറ്റുകൾ പങ്കെടുക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥി എന്ന ബഹുമതിയും അശോകൻ മാസ്റ്റർക്ക് സ്വന്തം. ഇതോടൊപ്പം 2020 ജനുവരിയിൽ കോഴിക്കോട് നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നു.

ഷോട്ട്പുട്ട്, ലോഗ് ജംമ്പ്, ജാവലിൻത്രോ, ഡിസ്ക് ത്രോ എന്നീ മത്സര ഇനങ്ങളിലും ഇദ്ദേഹം പങ്കെടുക്കും. 1931ൽ എറണാകുളം വൈപ്പിനിൽ ജനനം. സ്കൂൾ പഠനകാലത്ത് പോൾവാട്ടിലൂടെ സ്പോർട്സിൽ രംഗപ്രവേശം. നേവിയിൽ ജോലി ലഭിച്ചതോടെ സർവീസ് താരമായും നേവി വോളീബോൾ ടീം ക്യാപ്റ്റനുമായി. പിന്നീട് തിരുവനന്തപുരം ഏജീസ് ഓഫീസിൽ ക്ലർക്കായി ജോലി. 1965 ൽ കേരള വോളീബോൾ കോച്ചായി. 1970 ൽ അന്തർദ്ദേശീയ വോളിബോൾ മത്സരത്തിൽ റഫറിയായി. 1983 മുതൽ 2018 വരെ മുടങ്ങാതെ പോൾവാട്ട്, ട്രിപ്പിൾ ജംമ്പ്, ലോംഗ് ജംമ്പ് എന്നീ ഇനങ്ങളിൽ സ്വർണം,വെള്ളി മെ‌ഡലുകൾ നേടിയിട്ടുണ്ട്. ചിട്ടയായ പരിശീലനമാണ് തൊണ്ണൂറുകളുടെ നിറവിലും സ്പോർട്സ് രംഗത്ത് സജീവമാകാൻ കാരണമെന്ന് ഇദ്ദേഹം പറയുന്നു. കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക്സിന്റെ സംസ്ഥാന സെക്രട്ടറിയാണിപ്പോൾ.