തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. താന്നിമൂട് കോഴോട് അനീഷ് ഭവനിൽ വിദ്യാധരന്റെ മകൻ അനീഷാണ് (33) കൊല്ലപ്പെട്ടത്. വീട്ടുടമയും അനീഷിന്റെ സുഹൃത്തുമായ മണലിയിൽ കൂടല്ലൂർ മേലെ തണ്ണീർതടാകം വീട്ടിൽ ബിനുവിനെ(50) വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
സമീപവാസിയായ ബിനുവിന്റെ ജ്യേഷ്ഠൻ ജയകുമാറാണ് ഇന്ന് പുലർച്ചെയോടെ ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബാലരാമപുരം പൊലീസിനെ വിവരം അറിയിച്ചശേഷം ബിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്ളംബറായ അനീഷിന്റെ സുഹൃത്താണ് ബിനു. ഇടയ്ക്കിടെ ബിനുവിന്റെ വീട്ടിലെത്തി ഇരുവരും ഒരുമിച്ച് മദ്യപിക്കാറുള്ളതായി പറയപ്പെടുന്നു. ഭാര്യ മരണപ്പെട്ട ബിനു തനിച്ചാണ് ഇവിടെ താമസം. അവിവാഹിതനായ ജയകുമാറാണ് അയൽവീട്ടിലുള്ളത്. റോഡിൽ നിന്ന് ഉള്ളിലേക്ക് മാറി വയൽക്കരയിലെ ചതുപ്പ് സ്ഥലത്ത് സർക്കാർ ഭവനപദ്ധതിയിൽ ലഭിച്ച വീട്ടിലാണ് ബിനുവിന്റെ താമസം. ഇയാൾക്ക് രണ്ട് മക്കളുണ്ടെങ്കിലും ബന്ധുവീട്ടിൽ അവർ വല്ലപ്പോഴുമാണ് ഇവിടെ വരാറുള്ളത്. മറ്റാരും ഇല്ലാത്തതിനാൽ മദ്യപിക്കാൻ ഇവർ മിക്കപ്പോഴും ഇവിടെ കൂടാറുണ്ടായിരുന്നു. ഇന്നലെ മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ ഒച്ചയും ബഹളവും കേട്ടിരുന്നതായി ജയകുമാർ പൊലീസിനോട് പറഞ്ഞു.
മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ പരസ്പരം ഏറ്റുമുട്ടിയതാണോ , മറ്റാരെങ്കിലും ഇവരെ അക്രമിച്ചതാണോയെന്ന് വ്യക്തമല്ല. ആശുപത്രിയിൽ കഴിയുന്ന ബിനുവിനെ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. വീട്ടിലെ പ്രധാനമുറിയിൽ തറയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ അനീഷിന്റെ മൃതദേഹം കാണപ്പെട്ടത്. ബാലരാമപുരം സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.