കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ മൂതലയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വില്ലേജ് ഓഫീസ് നവീകരിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്നു കുടുസു മുറികളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി നിത്യേന ധാരാളം പേരാണ് വന്നു പോകുന്നത്. അകത്ത് മൂന്നു പേരിൽ കൂടുതൽ നിൽക്കാൻ തന്നെ പ്രയാസമാണ്. വില്ലേജ് ഓഫീസറടക്കം നാലുപേരാണ് ജീവനക്കാർ. മഴ സമയങ്ങളിൽ നല്ല ചോർച്ചയുള്ളതിനാൽ ഫയലുകൾ ക്രമമായി വയ്ക്കാനുള്ള സൗകര്യം പോലും ഇല്ലെന്നാണ് പരാതി. രണ്ടു മുറികൾ പൂർണമായും ഫയലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ താവളമടിക്കുന്ന മരപ്പട്ടികളുടെ ഭീഷണിയും ജീവനക്കാർക്ക് നേരിടേണ്ടി വരുന്നു. വിവിധ വികസന പ്രവർത്തനങ്ങൾക്കായി എം.എൽ.എ, എം.പി ഫണ്ടുകൾ ചെലവിടുന്നതിനിടയിൽ ഒരു പഞ്ചായത്തിന്റെ പ്രധാന്യ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടം ജീർണിക്കുന്നത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം. പള്ളിക്കലിൽ വർഷങ്ങൾക്ക് മുൻപ് തന്നെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസടക്കം മറ്രു സർക്കാർ സ്ഥാപനങ്ങളും മാറ്റുമെന്ന് ഉദ്ഘാടന വേളയിൽ അറിയിച്ചിരുന്നെങ്കിലും പാലിക്കുകയുണ്ടായില്ല. മിനി സിവിൽ സ്റ്റേഷൻ പരിസരം അടുത്തകാലം വരെ കടുമൂടിയ നിലയിലായിരുന്നു. ഇത് വാർത്തയായതോടെ കാടും പടർപ്പും വെട്ടിത്തെളിച്ച് ഒന്ന് രണ്ട് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓഫീസുകൾക്കാവശ്യമായ ധാരാളം സ്ഥലം ഇവിടെ ബാക്കിയുള്ളപ്പോഴാണ് വില്ലേജാഫീസ് ജീർണിച്ച് ചോർന്നൊലിച്ച് ഏതു സമയവും തകർന്നു വീഴാവുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ടവർ ശ്രമിച്ചാൽ എത്രയും വേഗം നടപടി കാണാമെന്നിരിക്കെ ആരും മുൻകൈയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.