കണ്ടാൽ പച്ച നിറമുള്ള സാധാരണ മുന്തിരിയൊക്കെയാണെങ്കിലും മധുരത്തിന്റെ കാര്യത്തിൽ ആർക്കും വെല്ലാൻ കഴിയാത്തതാണ് കോട്ടൺ കാൻഡി ഗ്രേപ്‌സ്. പേരുപോലെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രിയങ്കരമായ, നാവിലേക്ക് വച്ചാലുടൻ അലിഞ്ഞു ചേരുന്ന പിങ്ക് നിറത്തിലെ കോട്ടൺ കാൻഡി അഥവാ പഞ്ഞി മിഠായിയുടെ അതേ രുചിയാണ് കോട്ടൺ കാൻഡി ഗ്രേപ്‌സിനും.
അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേപ്പെറി എന്ന കമ്പനിയാണ് ഈ സ്‌റ്റൈലൻ മുന്തിരിയുടെ നിർമ്മാതാക്കൾ. ജാക്ക് പാൻഡൽ, ജിം ബീഗൽ എന്നിവരാണ് ഗ്രേപ്പെറി കമ്പനിയുടെ സ്ഥാപകർ. 2011ലാണ് ആദ്യമായി ഇവയെ വിപണിയിലെത്തിച്ചത്.
സാധാരണ മുന്തിരിയിൽ നിന്നും 12 ശതമാനം അധികം പഞ്ചസാര കോട്ടൺ കാൻഡി ഗ്രേപ്‌സിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച രുചിയോടും ഗുണത്തോടും കൂടിയ മുന്തിരി ഇനങ്ങളിൽ കൃത്രിമ പരാഗണം നടത്തിയാണ് കോട്ടൺ കാൻഡി ഗ്രേപ്‌സിനെ വികസിപ്പിച്ചെടുത്തത്. കോട്ടൺ കാൻഡി ഗ്രേപ്‌സിനെ കൂടാതെ മധുരം കൂടുതലും വലിപ്പം കുറഞ്ഞതുമായ ഗം ഡ്രോപ്പ്സ്, നീണ്ട മൂൺ ഡ്രോപ്‌സ്, കണ്ണുനീരിന്റെ ആകൃതിയോടുകൂടി നീണ്ടുകൂർത്ത ടിയർ ഡ്രോപ്‌സ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളും ഗ്രേപ്പെറി വിപണിയിലെത്തിക്കുന്നുണ്ട്.
ലക്ഷക്കണക്കിന് ചെടികൾ വികസിപ്പിച്ചെടുത്ത് ടെസ്‌റ്റ് ട്യൂബിൽ വളർത്തിയെടുത്ത ശേഷമാണ് കോട്ടൺ കാൻഡിയടക്കമുള്ള മുന്തിരി ഇനങ്ങളെ വിജയകരമായി രൂപപ്പെടുത്തിയത്. ഇത്തരത്തിൽ കോട്ടൺ കാൻഡി മുന്തിരി വികസിപ്പിച്ചെടുക്കാൻ വേണ്ടി വന്നത് 12 വർഷമാണ്. ഈ മുന്തിരി ഇനങ്ങളിൽ യാതൊരുവിധ കൃത്രിമ നിറങ്ങളോ ഫ്ലേവറുകളോ ചേർത്തിട്ടില്ല. പൗണ്ടിന് ആറ് ഡോളർ വരെയാണ് പ്രത്യേകം കവറുകളിൽ പാക്ക് ചെയ്‌ത കോട്ടൺ കാൻഡി മുന്തിരിയുടെ വില.