temple-mask

വാരാണസി: രാജ്യ തലസ്ഥാനമായ ഡൽഹിയുൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയിലാണ്. മാസ്ക് ധരിച്ചാണ് ജനങ്ങൾ വീടുകൾക്കുള്ളിൽപ്പോലും കഴിയുന്നത്. അന്തരീക്ഷ മലിനീകരണം കടുത്തതോടെ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും മാസ്ക് അണിയിച്ചു. വാരാണസി സിഗ്രയിലുള്ള ശിവപാർവതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെയാണ് പൂജാരി മാസ്ക് അണിയിച്ചത്.

ഇതിൽ അസാധാരണത്വം ഇല്ലെന്നാണ് പൂജാരി പറയുന്നത്. മഞ്ഞുകാലത്ത് വിഗ്രഹങ്ങൾക്ക് പുതപ്പുകൾ നൽകാറുണ്ട്. അതുപോലെ ഉത്സവത്തിന് പുതുവസ്ത്രങ്ങളും അണിയിക്കാറുണ്ട്. അതുപോലെതന്നെയാണ് മാസ്ക് നൽകിയതും. ദൈവങ്ങളെ ജീവനുള്ളവരായാണ് കണക്കാക്കുന്നത്. അതിനാലാണ് ഇങ്ങനെ ചെയ്തത്- പൂജാരി പറയുന്നു.

വായുമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റുചിലർ പറയുന്നത്. ചില വിഗ്രഹങ്ങളുടെ മുഖം മറയ്ക്കുന്നത് ആചാരപരമായി തെറ്റായതിനാൽ ആ വിഗ്രഹങ്ങളുടെ മുഖം മറച്ചിട്ടില്ല. മാസ്കുധരിപ്പിച്ച വിഗ്രഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദീപാവലി കഴിഞ്ഞതോടെയാണ് വാരാണസിയിലും പരിസരപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായത്. ജനങ്ങൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. പൊടി പടലങ്ങളാണ് (പാർട്ടിക്കുലേറ്റ് മാറ്റർ-പി.എം) പ്രധാന വില്ലൻ. 2.5 മൈക്രോമീറ്റർ മാത്രം വ്യാസമുള്ളവയാണ് ഇവിടത്തെ പി.എം. പൊടിപടലങ്ങൾ ഉള്ളിലെത്തിയാൽ ശ്വാസകോശത്തിൽ അടിയും. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. സ്ഥിതി രൂക്ഷമാണെന്ന് വ്യക്തമായതോടെ ഒറ്റ- ഇരട്ട വാഹന സമ്പ്രദായം ഏർപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.