psc-

'പി​.എസ്.സി​ ഉള്ളപ്പോൾ പ്രത്യേക ബോർഡ് വേണ്ട" എന്ന, നവംബർ ഒന്നിലെ കേരളകൗമുദിയുടെ മുഖപ്രസംഗം ഏറെ ശ്രദ്ധേയവും ജനവികാരം പ്രതിഫലിപ്പിക്കുന്നതുമാണ്. പൊലീസ് സേനയിലെ താഴ്‌ന്ന വിഭാഗം തസ്തികകളിലേക്കുള്ള നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച പി.എസ്.സിയെ നോക്കുകുത്തിയാക്കാനുള്ള ഹീന ശ്രമമാണ്. പി.എസ്.സി ഒഴികെയുള്ള നിയമനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും പ്രകടമാണെന്ന വസ്‌തുത അവഗണിക്കാവുന്നതല്ല. ഏതാനും വർഷം മുൻപ് കേരള സർവകലാശാല നടത്തിയ അസിസ്റ്റന്റ് നിയമന പരീക്ഷയും മുഖാമുഖവും പ്രഹസനമായി മാറുകയും സ്വന്തക്കാരെയും ഇഷ്‌ടക്കാരെയും റാങ്ക് ലിസ്റ്റിൽ തിരുകിക്കയറ്റി അവർക്ക് നിയമനം നൽകുകയും ചെയ്‌തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും തുടർന്ന് സർക്കാർ സർവകലാശാല അസിസ്റ്റന്റ് നിയമനം പി.എസ്.സിക്ക് വിടുകയും ചെയ്‌ത സംഭവം വിസ്‌മരിക്കാവുന്നതല്ല.

അനർഹർ പി.എസ്.സി നിയമനങ്ങളിൽ കടന്നുകൂടില്ലെന്ന് ഉറപ്പുവരുത്താനും നിയമനങ്ങളിലെ കാലതാമസം പരമാവധി ഒഴിവാക്കാനുമുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിലൂടെ പി.എസ്.സിയുടെ വിശ്വാസ്യതയ്‌ക്കും കാര്യക്ഷമതയ്‌ക്കും കൂടുതൽ കരുത്തു പകരുന്നതാണ്.

ആർ. പ്രകാശൻ

പട്ടം, തിരുവനന്തപുരം