തിരുവനന്തപുരം: വാസയോഗ്യമായ വീടില്ലാതിരുന്നിട്ടും ലൈഫ് മിഷന്റെ മാനദണ്ഡപ്രകാരം പട്ടികയിൽ ഉൾപ്പെടാതെപോയ പട്ടികവിഭാഗക്കാർക്ക് വീട് അനുവദിക്കുമെന്ന് മന്ത്റി എ.കെ ബാലൻ നിയമസഭയിൽ അറിയിച്ചു. അത്തരത്തിലുള്ള 39902 പട്ടികജാതിക്കാരുടേയും 20087 പട്ടികവർഗ്ഗക്കാരുടേയും വീടുകളുടെ പട്ടിക ലൈഫ് മിഷന് കൈമാറിയിട്ടുണ്ടെന്നും ബി.സത്യന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്റി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്ന ആദ്യത്തെ രണ്ട് വർഷം പട്ടികജാതി വികസന വകുപ്പ് മുഖേന 23801 വീടുകളും പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന 6709 വീടുകളും അനുവദിച്ചു. 2018-19 മുതൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക് ലൈഫ് മിഷൻ മുഖേനയാണ് ഭവന നിർമ്മാണത്തിനുള്ള ധനസഹായം അനുവദിക്കുന്നത്. 9650 പട്ടികജാതി കുടുംബങ്ങൾക്കും 3207 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ലൈഫ് മിഷൻ മുഖേന വീടുകൾ അനുവദിച്ചു ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തതും , നിർമ്മാണം ആരംഭിച്ച് വാസയോഗ്യമാക്കാൻ കഴിയാത്തതുമായ വീടുകൾ പൂർത്തിയാക്കുന്നതിന് ഒന്നര ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു.